കട്ടപ്പന: സ്‌പൈസസ് ബോർഡിന്റെ ഏലയ്ക്ക ഇ ലേലം പുനരാരംഭിക്കാൻ നടപടി തുടങ്ങി. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ലേലം പുനരാരംഭിക്കണമെന്ന് സ്‌പൈസസ് ബോർഡും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്ക് ജില്ലാ ഭരണകൂടവും അപേക്ഷ നൽകി. തമിഴ്‌നാട് ബോഡിനായ്ക്കന്നൂരിൽ ലേലം പുനരാരംഭിക്കാൻ തേനി ജില്ലാ ഭരണകൂടവും നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മേയ് 8മുതലാണ് ലേലം നിർത്തിയത്. ഇപ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാരികളെ പങ്കെടുപ്പിച്ച് ലേലം പുനരാരംഭിക്കുമ്പോൾ വില ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ലോക്ക്ഡൗണിനെ തുടർന്ന് മൂന്നാഴ്ചയോളം ജില്ലയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ തുറന്നിരുന്നില്ല. ഇക്കാലയളവിൽ കർഷകർക്ക് ഉത്പ്പന്നവും വിറ്റഴിക്കാൻ കഴിഞ്ഞില്ല. പിന്നീട് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കടകൾ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും വിൽപ്പനയും കാര്യമായി നടന്നിരുന്നില്ല. ലേലം നടക്കാത്തതിനാൽ വിപണികളിൽ പല വിലയായിരുന്നു. 800 മുതൽ 1000 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. ഉത്പ്പാദനം ക്രമാതീതമായി വർദ്ധിച്ചെങ്കിലും വിറ്റഴിക്കാൻ കർഷകർക്ക് മാർഗമുണ്ടായില്ല.
ഇതിനിടെ വളം, കീടനാശിനി വിലയും തൊഴിലാളികളുടെ കൂലിയും വർദ്ധിച്ചതോടെ ഉത്പ്പാദനച്ചെലവും കൂടി. വിലയിടിവ് ഉണ്ടായപ്പോഴും ഉത്പ്പാദനച്ചെലവിൽ കുറവുണ്ടായിട്ടില്ല. ചെറുകിട കർഷകർക്ക് ഏലം കൃഷിയിൽ നിന്ന് ഉത്പ്പാദനച്ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണ്.
ഇപ്പോഴത്തെ മികച്ച വിളവിന് പുറമേ കഴിഞ്ഞ സീസണിൽ വിളവെടുത്ത കായയും വിപണിയിലെത്തുമ്പോൾ ഉണ്ടായേക്കാവുന്ന വിലയിടിവ് ഭയന്ന് വ്യാപാരികളും ഏലയ്ക്ക സംഭരിക്കാൻ തയാറാകുന്നില്ല. ലേല ഏജൻസികളും വ്യാപാരികളും വൻതോതിലുള്ള സംഭരണത്തിൽ നിന്ന് പിൻവലിഞ്ഞതോടെ കർഷകരുടെ ഉത്പ്പന്നം വിറ്റഴിക്കാൻ കഴിയാത്ത സ്ഥിതിയാണ്.


മൂന്നക്കത്തിലേക്ക്

കൂപ്പുകുത്തൽ


32 മാസങ്ങൾക്ക് ശേഷം ഏപ്രിൽ 28ന് സ്‌പൈസസ് ബോർഡിന്റെ ഇ- ലേലത്തിൽ ശരാശരി വില മൂന്നക്കത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. രണ്ട് ദിവസത്തിനിടെ വീണ്ടും കുറഞ്ഞ് 861 രൂപയിലെത്തി. ഒടുവിൽ മേയ് 7ന് നടന്ന ലേലത്തിൽ ശരാശരി വില ആയിരത്തിന് മുകളിലെത്തിയിരുന്നെങ്കിലും ആഭ്യന്തര വിപണികളിൽ 750 മുതൽ 850 രൂപ വരെയേ ലഭിച്ചിരുന്നുള്ളൂ. ഓഫ് സീസണിലെ 'മാജിക് ' പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് വിലയിടിവ് ഇരുട്ടടിയായി. ഉത്പാദനം വൻതോതിൽ വർദ്ധിച്ചതും കയറ്റുമതി കുറഞ്ഞതുമാണ് വില കുറയാൻ കാരണമായത്.