amal-babu

കട്ടപ്പന: യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചത് ഗാർഹിക പീഡനത്തെ തുടർന്നാണെന്ന് കണ്ടെത്തിയതോടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഉപ്പുതറ അയ്യപ്പൻ കോവിൽ മാട്ടുക്കട്ട അറഞ്ഞനാൽ അമൽ ബാബുവാണ് (27) അറസ്റ്റിലായത്. അമലിന്റെ ഭാര്യ ധന്യയെ (21) മാർച്ച് 28ന് രാവിലെ ആറോടെയാണ് മുറിയിലെ ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ അമൽ രാവിലെ ജോലിക്ക് പോയ ശേഷമാണ് ധന്യ ആത്മഹത്യ ചെയ്തത്. യുവതിയുടെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുകയും ധന്യയുടെ അച്ഛൻ ജയപ്രകാശ് പീരുമേട് പൊലീസിന് പരാതി നൽകുകയും ചെയ്തിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ യുവതിക്ക് ശാരീരികമായും മാനസികമായും പീഡനമേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. ഇന്നലെ രാവിലെ പീരുമേട് ഡിവൈ.എസ്.പി. കെ. ലാൽജി, ഉപ്പുതറ സി.ഐ. ആർ. മധു എന്നിവരുടെ നേതൃത്വത്തിൽ അമലിനെ അറസ്റ്റു ചെയ്തു.