പാലാ: കരൂർ പഞ്ചായത്തിലെ അല്ലപ്പാറ കോക്കാപ്പിള്ളി റോഡിന്റെ ഓരത്ത് അധികാരികളുടെ അനാസ്ഥയുടെ മെറ്റിൽക്കൂനയുണ്ട്. യാത്രക്കാരെ വെല്ലുവിളിക്കുന്ന കൂന. മെറ്റിലും ടാറും ലഭിച്ചിട്ടും റോഡിലെ കുഴിയിൽ ചാടി നടുവൊടിയാനാണ് നാട്ടുകാരുടെ വിധി. മെറ്റിൽ ഇറക്കി രണ്ടര മാസം പിന്നിട്ടിട്ടും റോഡ് നിർമ്മാണത്തിന് സമയമായിട്ടില്ല എന്നാണ് അധികാരുടെ മറുപടി. നൂറു കണക്കിനാളുകൾ ആശ്രയിക്കുന്ന അല്ലപ്പാറ കോക്കാപ്പിള്ളി റോഡിന് മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽപ്പെടുത്തി പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് എല്ലാ അനുവാദങ്ങളും ഒരു വർഷം മുമ്പ് ലഭിച്ചിട്ടും ടാറിംഗ് മാത്രം നടന്നില്ല. ഇതോടൊപ്പം തുക അനുവദിച്ച പല റോഡുകളുടെയും ടാറിംഗ് പൂർത്തിയായിട്ട് മാസങ്ങൾ പിന്നിടുകയും ചെയ്തു. രണ്ടര മാസം മുമ്പ് ഇറക്കിയ മെറ്റിൽ പഞ്ചായത്ത് അധികാരികൾ അളന്നു തിട്ടപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ മെറ്റിൽ പാതി ഒലിച്ചുപോയ നിലയിലാണ്.

അപകടങ്ങൾ പതിവ്

റോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാമ്. ചൂട്ടു പടയണി നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ പോണാട് ദേവീക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡും, രാമപുരം വലവൂർ ഉഴവൂർ റോഡുകളെ ബന്ധിപ്പിക്കുന്ന വഴിയുമാണിത്. റോഡ് നിർമ്മാണം ആരംഭിക്കാത്തപക്ഷം സമരപരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ പറഞ്ഞു.