കുമരകം : വിരുപ്പു കൃഷിക്കായി പ്രാരംഭ ജോലികൾ ആരംഭിച്ച മങ്കുഴി പാടശേഖരത്തിലെ കർഷകർക്ക് താഴ്ന്ന് കിടക്കുന്ന വൈദ്യുതി കമ്പികൾ അപകടക്കെണിയാകുന്നു. കാലപ്പഴക്കം മൂലം നിലം പൊത്താറായ പഴയ തടി പോസ്റ്റുകൾ മാറ്റി പുതിയ കോൺക്രീറ്റ് പോസ്റ്റുകൾ സ്ഥാപിച്ചെങ്കിലും ഇവയുമായി ചിലയിടങ്ങളിൽ വൈദ്യുതി ലൈനുകൾ ബന്ധിപ്പിക്കാത്തതാണ് അപകടഭീതിക്ക് കാരണം. പ്രതികൂല കാലാവസ്ഥയും തൊഴിലാളികളുടെ ലഭ്യത കുറവും മൂലം കരാറുകാരൻ പാതിവഴിയിൽ ജോലികൾ നിറുത്തിവച്ചിരിക്കുകയാണ്. കുമരകം വൈദ്യുതി സെക്ഷൻ ഓഫീസിൽ വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതിനാൽ കരാറടിസ്ഥാനത്തിലാണ് ഒട്ടുമിക്ക ജോലികളും നടത്തി വരുന്നത്. എല്ലാ പോസ്റ്റുകളിലും ലൈൻ കമ്പികൾ ബന്ധിപ്പിക്കാതെ താത്കാലികമായി ഉപഭോക്താക്കൾക്ക് വൈദ്യുതി നൽകിയിരിക്കുകയാണ് ഇപ്പോൾ. പല ഭാഗങ്ങളിലും വൈദ്യുതി കമ്പികൾ നിലംമുട്ടിയാണ് സ്ഥിതി ചെയ്യുന്നത്. കാറ്റിലാടുന്ന ലൈൻ കമ്പികൾ കൂട്ടിമുട്ടി വൈദ്യുതി മുടങ്ങുന്നതും നിത്യ സംഭവം ആണ്.