രാജക്കാട്. ഭർത്താവിന്റെ മദ്യപാനത്തിൽ മനം നൊന്ത് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ വീട്ടമ്മ മരിച്ചു. എസ്റ്റേറ്റ് പൂപ്പാറ കുരിശടിക്ക് സമീപം താമസിക്കുന്ന ആരോഗ്യദാസിന്റെ ഭാര്യ പഞ്ചവർണ്ണം (35) ആണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്.മദ്യപിക്കുന്ന ശീലമുണ്ടായിരുന്ന അളാണ് ആരോഗ്യദാസ്.ഇക്കാര്യത്തിൽ ഭാര്യ അതൃപ്തി പറഞ്ഞിരുന്നു. ലോക്ക് ഡൗൺ കാലയളവിൽ മദ്യശാലകൾ അടഞ്ഞ് കിടന്നിരുന്നതിനാൽ മദ്യപാനപ്രശ്നം ഉണ്ടായില്ല. ജൂൺ 18 ന് ഇരുവരും പണിക്ക് പോയി . മദ്യ ഷോപ്പ് വീണ്ടും തുറന്നതിനാൽ പണികഴിഞ്ഞ് എത്തിയ ആരോഗ്യദാസ് ബിവറേജിൽ നിന്നും മദ്യം വാങ്ങിക്കഴിച്ച് വീട്ടിലെത്തി. ഇതിൽ മനം നൊന്ത പഞ്ചവർണ്ണം വൈകിട്ട് അഞ്ചരയോടെ ഏലത്തിന് മരുന്നടിക്കുന്നതിനുള്ള സ്‌പ്രെയറിൽ ഒഴിക്കുന്നതിനായി വാങ്ങി വച്ചിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ തീയണച്ച് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റിരുന്നതിനാൽ 19 ന് മജിസ്ട്‌റേറ്റ് എത്തി മൊഴി രേഖപ്പെടുത്തി. നില വഷളായ ഇവർ ചൊവ്വാഴ്ച്ച രാത്രി മരണപ്പെടുകയായിരുന്നു.ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.