മുണ്ടക്കയം: കിഴക്കൻമേഖലയിൽ റബർതോട്ടങ്ങളിൽ പുഴുശല്യം രൂക്ഷമായി. കമ്പിളി പുഴുക്കളുടെ ഇനത്തിൽപ്പെട്ട വലിയ പുഴുക്കളാണ് പുഞ്ചവയൽ മേഖലയിലെ റബർതോട്ടങ്ങളിൽ വ്യാപകമായിരിക്കുന്നത്. സാധാരണഗതിയിൽ റബർതോട്ടങ്ങളിൽ ഇത്തരം പുഴുക്കളെ കാണാറില്ല. ടാപ്പിംഗ് തൊഴിലാളികൾക്ക് ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെയാണ് പുഴുക്കളുടെ വ്യാപനം കർഷകർ തിരിച്ചറിഞ്ഞത്. സംഭവം പഠനവിധേയമാക്കാൻ കർഷക സ്വാന്തനം ടീം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോ. കെ.ടി പ്രതാപൻ, ഡോ. സന്തോഷ് കുമാർ എന്നിവരാണ് സ്ഥലത്തെത്തിയത്. രണ്ടാഴ്ച നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.