കോട്ടയം: കഴിഞ്ഞ രാത്രി തീക്കോയി, തലനാട് പഞ്ചായത്തുകളെ വിറപ്പിച്ച അതിതീവ്ര മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണം മേഘവിസ്ഫോടനമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. രണ്ട് മണിക്കൂർ ചുരുങ്ങിയ പ്രദേശത്ത് മാത്രം പെയ്ത മഴ തീക്കോയി, തലനാട് പഞ്ചായത്തുകളിൽ കനത്തനാശമാണ് സൃഷ്ടിച്ചത്.
ആഴ്ചകൾക്ക് മുൻപ് അയർക്കുന്നം മുതൽ കൂരോപ്പടവരെ രണ്ട് മണിക്കൂർ നേരം പെയ്ത അതിതീവ്ര മഴയിൽ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായി. ഇതിന് സമാനമായിരുന്നു തലനാടും തീക്കോയിലും ലഭിച്ച മഴ. കാർമേഘങ്ങൾ ഒരു പ്രദേശത്തോട് കേന്ദ്രീകരിക്കുമ്പോഴാണ് മേഘസ്ഫോടനമുണ്ടാകുന്നത്. വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം. പുഴകളിലും തോടുകളിലും നിറയുന്ന വെള്ളം കയറുന്ന അതേ വേഗത്തിൽ ഇറങ്ങുമെങ്കിലും ഇതേത്തുടർന്നുണ്ടാകുന്ന നാശം വ്യാപകമായിരിക്കും.
ഉരുൾപൊട്ടിയത് പരിസ്ഥിതി ആഘാതം
പാരിസ്ഥിതിക ആഘാതത്തെ തുടർന്നാണ് കനത്ത മഴപെയ്യുമ്പോൾ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. മഴശക്തമാകുന്നതോടെ മണ്ണുകൾക്ക് ഇളക്കം തട്ടി പൊട്ടി ഒലിക്കും. മഴ ദീർഘമായി പെയ്യുമ്പോൾ നാശനഷ്ടത്തിന്റെ അളവും കൂടും. തലനാട്, തീക്കോയി മേഖലകളിലെ പ്രത്യേക ഭൂപ്രകൃതി മണ്ണിടിച്ചിലിനു കാരണമായേക്കാമെന്നാണ് നിഗമനം. മേഖവിസ്ഫോടനവും ഉരുൾപൊലും തമ്മിൽ ബന്ധമില്ല. മുമ്പ് പെയ്ത മഴയിൽ കുതിർന്ന മണ്ണും മലയും പെട്ടെന്നു അതിതീവ്ര മഴ പെയ്തതോടെ ഇടിഞ്ഞു വീണതാണ്. മഴ പെയ്തുണ്ടായ വെള്ളം ശേഖരിക്കാൻ കഴിയാത്ത വിധം തോടുകളുടെയും ആറുകളുടെയും വിസ്തൃതി കുറഞ്ഞതും വെള്ളപ്പൊക്കത്തിനു കാരണമായി.
നാശനഷ്ടം തിട്ടപ്പെടുത്തുന്നു
മണ്ണിടിച്ചിലുണ്ടായ തലനാട് പഞ്ചായത്തിലെ അടുക്കം മേഖലയിലും തീക്കോയി കാരികോട് ഇഞ്ചപ്പാറ മേഖലയിലും നാശനഷ്ടം വിലയിരുത്തുകയാണ്. ചാമപ്പാറയിൽ കയറിയ വെള്ളമിറങ്ങിയതിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾ തിരികെയെത്തി. തോടുകളുടെ കൽക്കെട്ടുകളും റബറടക്കമുള്ള കൃഷിയും നശിച്ചിട്ടുണ്ട്.
''മേഘവിസ്ഫോടനമിപ്പോൾ ജില്ലയിൽ പതിവാണ്. മണിക്കൂറിൽ 40 മില്ലി മീറ്റർ മഴവരെ ലഭിക്കും. മഴപെയ്യുന്ന സമയം കൂടുന്നതിന് അനുസരിച്ച് അളവും കൂടും. '' ഡോ.ഷമ്മി രാജ്, ശാസ്ത്ര ഗവേഷകൻ.