കോട്ടയം: നഗരത്തിലെ വിശ്രമകേന്ദ്രങ്ങളും ബോട്ട് ജെട്ടിയും അടക്കം അറ്റകുറ്റപ്പണി നടത്തി നഗരസഭ പോക്കറ്റ് കാലിയാക്കുന്നു. പണി നടത്തുന്നതല്ലാതെ ഇവ പ്രവർത്തിപ്പിക്കുന്നതിന് നടപടിയുണ്ടാകുന്നില്ല. ഇവിടങ്ങൾ കൃത്യമായ ഇടവേളകളിൽ പരിപാലിക്കുകയാണെങ്കിൽ വൻ തുക ഒന്നിച്ച് ചെലവഴിക്കേണ്ടി വരില്ല. എന്നാൽ, ഇതിനു തയ്യാറാകാതെ ഒരുമിച്ച് കോടികൾ പാഴാക്കുകയാണ്. ഒരു വിഭാഗത്തിന് പോക്കറ്റ് വീർപ്പിക്കാമെന്നതുമാത്രമാണ് മെച്ചം.

 നഗരത്തിലെ നെഹ്‌റു പാർക്ക്

നെഹ്‌റു പാർക്ക് പരിപാലിക്കുന്നതിന് സ്വകാര്യ കമ്പനിയയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നാലു വർഷത്തോളം അടഞ്ഞു കിടന്നിരുന്ന പാർക്ക് 2020 ൽ കൊവിഡിനു തൊട്ടുമുൻപാണ് തുറന്നത്. എന്നാൽ, ലോക്ക് ഡൗൺ വന്നതോടെ അടച്ചിട്ടു. ഇതോടെ പൂർണമായും കാടു കയറി. ഇതിനു ശേഷം ഇടക്കാലത്ത് തുറക്കാൻ തീരുമാനിച്ചപ്പോൾ കാട് വെട്ടിത്തെളിച്ചു. എന്നാൽ, രണ്ടാം തവണയും ലോക്ക് ഡൗൺ വന്നതോടെ വീണ്ടും അടച്ചിട്ടു. പിന്നെയും കാട് പടർന്നു .

 കച്ചേരിക്കടവ് ബോട്ട് ജെട്ടി

ആദ്യം ലക്ഷങ്ങൾ മുടക്കി നവീകരിച്ച കച്ചേരിക്കടവ് ബോട്ട് ജെട്ടി പോളയും പുല്ലും നിറഞ്ഞതോ‌ടെ ഒരു മാസം മുൻപ് വീണ്ടും വൃത്തിയാക്കി. വർഷാവർഷം ലക്ഷങ്ങൾ മുടക്കി നവീകരിക്കുന്നുണ്ടെന്നല്ലാതെ അഞ്ചു വർഷം കഴിഞ്ഞിട്ടും പ്രവർത്തനസജ്ജമാക്കാനായില്ല. ഓരോ വർഷവും നഗരസഭയുടെ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ മുടക്കി തോട്ടിലെ പോളയും ചെളിയും നീക്കം ചെയ്യാറുണ്ട്. എട്ടു കോടി രൂപ മുടക്കി 2019 നവംബറിലാണ് പാർക്ക് നവീകരണം പൂർത്തിയാക്കിയത്.

 തിരുനക്കര മൈതാനം

ഇരിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയിലാണ് തിരുനക്കര മൈതാനം. ഓരോ വർഷവും നവീകരണത്തിന് എന്ന പേരിൽ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. എന്നാൽ, നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൈതാനത്തെ ടൈൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. മൈതാനത്തെ സ്റ്റേഡിയത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല.

' നവീകരണപ്രവർത്തനങ്ങൾ കൊവിഡ് കാലത്തിനു ശേഷം നടക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൃത്യമായി ഇവ നവീകരിക്കാൻ സംവിധാനം ഉണ്ടാകും.'

- ബിൻസി സെബാസ്റ്റ്യൻ, അദ്ധ്യക്ഷ, കോട്ടയം നഗരസഭ