കോട്ടയം: സംഘപരിവാർ സംഘടനകളിൽ ചേരിപ്പോര് രൂക്ഷമായതോടെ ഹിന്ദു ഐക്യവേദി പിളർത്തി ജില്ലാ ജനറൽ സെക്രട്ടറി അടക്കമുള്ള ഭാരവാഹികൾ എൻ.സി.പിയിൽ ചേർന്നു. ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, ബി.ജെ.പി പുതുപ്പള്ളി മണ്ഡലം സെക്രട്ടറി ബിനു തിരുവഞ്ചൂർ എന്നിവർ ഇന്നലെ സംസ്ഥാന അദ്ധ്യക്ഷൻ പി.സി.ചാക്കോയിൽ നിന്ന് അംഗത്വം സ്വീകരിച്ചു. സഹപ്രവർത്തകരായ ഇരുന്നൂറോളം പേർ എൻ.സി.പിയിൽ ഉടൻ ചേരുമെന്ന് രാജേഷ് പറഞ്ഞു.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആചാര സംരക്ഷണത്തിന് മുൻനിരയിലുണ്ടായിരുന്ന രാജേഷ് നട്ടാശേരി ഇടതുമുന്നണിയുടെ ഭാഗമാകുന്നത് സംഘപരിവാർ കേന്ദ്രങ്ങൾക്ക് തിരിച്ചടിയായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ തുടങ്ങിയ അസ്വാരസ്യമാണ് ഇപ്പോൾ രാജിയിൽ കലാശിച്ചത്. ഹിന്ദു ഐക്യവേദി നേതാക്കൾക്കും തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ പ്രചാരണ ചുമതലകളുണ്ടായിരുന്നെങ്കിലും അർഹമായ പരിഗണന ലഭിച്ചില്ല. ഇത് സംബന്ധിച്ച് ബി.ജെ.പി ജില്ലാ നേതൃത്വവുമായി പരസ്യമായി ഏറ്റുമുട്ടേണ്ടി വന്നു. ഇതിനിടെ ഹിന്ദു ഐക്യവേദിയിൽ സാമ്പത്തികമടക്കമുള്ള വിഷയങ്ങളിലും തർക്കമുണ്ടായി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചെങ്കിലും തണുപ്പൻ പ്രതികരണമായിരുന്നു.
ഇന്നലെ എറണാകുളത്തെ എൻ.സി.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഇരുവരേയും പ്രസിഡന്റ് പി.സി.ചാക്കോ സ്വീകരിച്ചു. രാജേഷിന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും ബിനുവിന് പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനവും നൽകും.