പാലാ: അന്ത്യാളം പ്രാഥമികരോഗ്യകേന്ദ്രത്തിന്റെ കവാടത്തിൽ ഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ പി.ഡബ്ലി.യു.ഡി തീരുമാനം.
ചുവടു ദ്രവിച്ച പാഴ്മരങ്ങളെക്കുറിച്ച് 'തലയ്ക്ക് മീതെ ആടിയുലഞ്ഞ് ദുരന്തം '' എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് മരങ്ങൾ മുറിക്കാൻ തീരുമാനമായത്. നാളെ മരങ്ങൾ മുറിച്ചുമാറ്റുമെന്ന് പി.ഡബ്ലി.യു.ഡി പാലാ അസി.എൻജിനീയർ അനു പറഞ്ഞു. ആശുപത്രി കവാടത്തിൽ അപകടനിലയിൽ സ്ഥിതി ചെയ്യുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് കരൂർ പഞ്ചായത്ത് മെമ്പർ ലിന്റണും പി.ഡബ്ലി.യു.ഡി അധികാരികൾക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. കൊവിഡ് കാലമായതിനാൽ അന്ത്യാളം പ്രാഥമികരോഗ്യ കേന്ദ്രത്തിൽ ഇപ്പോൾ നല്ല ജനത്തിരക്കുണ്ട്. ഇരുനൂറിൽപ്പരം ആളുകൾ പല കാര്യങ്ങൾക്കായി ഇവിടെ ദിവസേന എത്താറുണ്ട്. വാക്‌സിനേഷൻ എടുക്കുന്നതിനും കൊവിഡ് പരിശോധനയ്ക്കായും സ്ത്രീകളും വൃദ്ധരുമുൾപ്പെടെയുള്ളവരും എത്തുന്നുണ്ട് . പ്രാഥമികരോഗ്യ കേന്ദ്രത്തോട് ചേർന്ന് റോഡരികിൽ നിൽക്കുന്ന രണ്ടു മരങ്ങളും ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണിപ്പോൾ.
ജീവൻ പണയംവെച്ച്...
സമീപത്തെ വ്യാപാരി കെട്ടിയ പ്ലാസ്റ്റിക് വടത്തിന്റെ ബലത്തിലാണ് ഇപ്പോൾ ഇത് നിലംപൊത്താതെ നിൽക്കുന്നത്. രണ്ടു മരങ്ങളിൽ ഒന്നിന്റെ ചുവടു പാടെ ദ്രവിച്ച നിലയിലാണ്. രോഗികളുമായി എത്തുന്നവരുടെ വാഹനം പാർക്കു ചെയ്യുന്നത് ഇതിനു കീഴിലാണ്. അപകടം മനസിലാക്കാതെ പലരും ഇതിനു ചുവട്ടിൽ കാത്തിരിക്കുന്നുമുണ്ട്. ഉണങ്ങിയ വട്ടമരത്തിന്റെ കമ്പുകൾ പലപ്പോഴായി ആശുപത്രി മുറ്റത്ത് പതിക്കുന്നുമുണ്ട്.പലപ്പോഴും അപകടം ഒഴിവാകുന്നത് തലനാരിഴയ്ക്കാണെന്ന് ആശുപത്രി അധികൃതരും പറയുന്നു.
ഫേട്ടോ അടിക്കുറിപ്പ്
അന്ത്യാളം പി.എച്ച്. സി. കവാടത്തിൽ നിൽക്കുന്ന ചുവടു ദ്രവിച്ച മരങ്ങളെപ്പറ്റി 'കേരളകൗമുദി ' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത