പൊൻകുന്നം:നിങ്ങളറിയുന്ന നിങ്ങളെ അറിയുന്ന,നാടറിയുന്ന നാട്ടാരറിയുന്ന,നാടിന്റെ സ്പന്ദനമറിയുന്ന നിങ്ങളുടെ പ്രിയപ്പെട്ട...ഇത് തിരഞ്ഞെടുപ്പ് കാലത്ത് കേൾക്കുന്ന സ്ഥിരം വാചകങ്ങളാണ്.സ്ഥാനാർത്ഥിയെക്കുറിച്ച് പറയുന്ന ഈ വാക്കുകൾ നാട്ടുകാർ അത്ര കാര്യമാക്കാറില്ല.എന്നാൽ മുണ്ടക്കയം വണ്ടൻപതാൽ ആർ.പി.കോളനി പോസ്റ്റ് ഓഫീസിന്റെ
പരിധിയിൽ വരുന്ന പ്രദേശവാസികൾക്ക് അവരുടെ പോസ്റ്റുമാനെ സംബന്ധിച്ച് ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ സത്യമാണ്.
33 വർഷം ഈ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനായി ജോലി ചെയ്ത മോഹൻദാസ് ജോലിയിൽ നിന്ന് വിരമിക്കുകയാണ്.മോഹൻദാസിന് ഈ നാട്ടിൽ അറിയാത്ത വീടുകളില്ല അറിയാത്ത ആളുകളില്ല.4500ൽപരം കുടുംബങ്ങളാണ് ഈ പോസ്റ്റൽ അതിർത്തിക്കുള്ളിൽ കഴിയുന്നത്.ഇവർക്കെല്ലാം മോഹൻദാസ് സ്വന്തം കുടുംബാംഗത്തെപ്പോലെയാണ്. മുൻരാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിന്റെ പേരിലുള്ള ആർ.പി.കോളനിയിലാണ് പോസ്റ്റ് ഓഫീസ്. മോഹൻദാസിന്റെ പാദസ്പർശമേൽക്കാത്ത ഒരു മണൽത്തരിപോലും ഈ വഴിത്താരകളിലില്ല.അതുകൊണ്ടുതന്നെ നാട്ടുകാർക്ക് വലിയൊരു നൊമ്പരമായി മാറുകയാണ് വിരമിക്കൽ വാർത്ത.33 വർഷം മുമ്പ് 400 രൂപ ശമ്പളത്തിൽ തുടങ്ങിയ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടുകാരെ പിരിയുന്നതിൽ മോഹൻദാസിനുമുണ്ട് ദു:ഖം. പ്രിയപ്പെട്ട പോസ്റ്റുമാന് പ്രൗഢഗംഭീരമായ യാത്രയയപ്പു നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.മുണ്ടക്കയം വരിക്കാനി കുമ്മംകേരിയിൽ മോഹൻദാസ് ഇനിമുതൽ മുൻ പോസ്റ്റുമാനാണ്.ഭാര്യ മഞ്ജുള മുണ്ടക്കയം എസ്.എൻ സ്‌കൂളിൽ അദ്ധ്യാപികയാണ്.മക്കൾ,ഗൗതം,മൗഷ്യ.
ചിത്രം പോസ്റ്റ്മാൻ മോഹൻദാസ്.