കുമരകം : ഒറ്റ ഇരട്ട നമ്പർ അടിസ്ഥാനത്തിൽ ബസ് സർവീസ് ആരംഭിച്ചതോടെ കുമരകത്തിന്റെ തെക്കൻ പ്രദേശങ്ങളിലുള്ള അട്ടിപ്പിടിക, കൊഞ്ചുമട റൂട്ടിലെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി. പാണ്ടൻ ബസാർ വഴി കൊഞ്ചുമടയ്ക്ക് സർവീസ് നടത്തുന്ന മൂന്ന് ബസുകളും ഇരട്ട അക്ക നമ്പർ ഉള്ളവയാണ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമാണ് ഈ ആഴ്ച കാെഞ്ചുമടക്ക് ബസുള്ളത്. നിലവിലെ സ്ഥിതി തുടർന്നാൽ അടുത്ത ആഴ്ച്ച ചൊവ്വാ, വ്യാഴം എന്നീ രണ്ടു ദിവസങ്ങളിൽ മാത്രമാകും കാെഞ്ചുമട ഭാഗത്തുള്ളവർക്ക് ബസ് ലഭ്യമാകുന്നത്. അട്ടിപീടികയ്ക്ക് മൂന്ന് ബസുകളായിരുന്നു സർവീസ് നടത്തിയിരുന്നത് .അതിൽ ഒരു ബസ് കൊവിഡ് നിയന്ത്രണങ്ങൾ തുടങ്ങിയതോടെ ഓട്ടം നിർത്തി . മറ്റ് രണ്ട് ബസുകളിൽ ഒന്ന് ഒറ്റ നമ്പരും മറ്റൊന്ന് ഇരട്ട നമ്പരുമാണ്. ഇതോടെ കരിയിൽ കോളനി , നാലു പങ്ക് തുടങ്ങിയ സ്ഥലങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് യാത്രാദുരിതമേറി. അമ്മങ്കരി വഴി കാെഞ്ചുമടയ്ക്ക് ഒരു ബസ് ഉണ്ടെങ്കിലും ഇത് യാത്രക്കാർക്ക് വലിയ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് വിശദീകരണം. അനുദിനമുള്ള ഇന്ധന വിലവർദ്ധനവും കൊവിഡും മൂലം യാത്രക്കാർ കുറഞ്ഞതും സ്വകാര്യ ബസ് മേഖലയെ തകർച്ചയിലാക്കി. ഈ സാഹചര്യത്തിൽ നടപ്പിലാക്കിയ ഒറ്റ ഇരട്ട സംവിധാനം ബസുടമകൾക്കും യാത്രക്കാർക്കും ഒരുപോലെ ഇരുട്ടടിയായി. .

.......................

നിലവിലെ പ്രതികൂല സാഹചര്യത്തിൽ ബസ് സർവീസുമായി മൂന്നോട്ടുപോകാൻ സാധിക്കില്ല. സർക്കാർ കൊണ്ടുവന്ന പുതിയ നിയമം അടിയന്തരമായി പിൻവലിക്കണം.

സൗമ്യ മോൾ , ഉടമ,

കാർത്തിക ട്രാവൽസ്.