bhakthar

കോട്ടയം: ഇളവുകളെ തുടർന്ന് ഒന്നര മാസത്തിനു ശേഷം ആരാധനാലയങ്ങള്‍ തുറന്നപ്പോള്‍ കൊവിഡ് മാനദണ്ഡ പ്രകാരം ആരാധനയും വഴിപാടുകളും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതുള്‍പ്പെടെ പ്രമുഖക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഇന്നലെ പ്രവേശനം അനുവദിച്ചു. തിരുനക്കര ക്ഷേത്രത്തില്‍ ഓരേ സമയം 15 പേര്‍ക്കു മാത്രമായി പ്രവേശനം ക്രമീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19 ല്‍ താഴെയുള്ള സ്ഥലങ്ങളിലാണ് ആരാധാനാലയങ്ങളില്‍ പ്രവേശനം അനുവദിച്ചത്.

എത്തുന്നവര്‍ക്ക് മാസ്‌ക്കും സാമൂഹിക അകലവും നിര്‍ബന്ധമാക്കിയിരുന്നു. ശ്രീകോവിലില്‍ നിന്ന് ശാന്തിക്കാര്‍ നേരിട്ട് പ്രസാദം നല്‍കാന്‍ അനുവദിച്ചില്ല. പ്രസാദങ്ങള്‍ നാലമ്പലത്തിനു പുറത്ത് പ്രത്യേക സ്ഥലത്തായിരുന്നു വിതരണം. ശുചീകരണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലും മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തര്‍ക്ക് ദര്‍ശന സൗകര്യം നല്‍കി.

പള്ളികള്‍ തുറന്നുവെങ്കിലും മുന്‍കൂട്ടി ബുക്ക് ചെയ്ത 13 പേര്‍ക്കു വീതമാണ് പ്രവേശനം അനുവദിച്ചത്്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ ഇളവുകൾ നൽകിയപ്പോൾ അനിയന്ത്രിതമായി വിശ്വാസികള്‍ എത്തിയത് പലയിടത്തും പ്രശ്‌നങ്ങള്‍ക്കു കാരണമായിരുന്നു. ഞായറാഴ്ച മുതല്‍ വിശ്വാസികള്‍ക്കു പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ച പള്ളികളുമുണ്ട്. മുസ്ലീം പള്ളികളിലും കൊവിഡ് മാനദണ്ഡ പ്രകാരം വിശ്വാസികളെ പ്രവേശിപ്പിച്ചു.