കട്ടപ്പന: ടൗൺ ഹാളിൽ പുതുതായി ആരംഭിച്ച വാക്‌സിനേഷൻ കേന്ദ്രത്തിൽ വാക്‌സിൻ വിതരണം സുതാര്യമല്ലെന്ന് എൽ.ഡി.എഫ്. ആരോപണം. യു.ഡി.എഫ്. കൗൺസിലർമാർ സ്വന്തമായി തയാറാക്കിയ പട്ടിക പ്രകാരമാണ് വാക്‌സിൻ വിതരണം ചെയ്യുന്നതെന്നും കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചുള്ള സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് കട്ടപ്പന നഗരസഭയ്ക്ക് 1700 ഡോസ് വാക്‌സിൻ അനുവദിച്ചത്. ബുധനാഴ്ച രണ്ടാം ഡോസ് എടുക്കാനുള്ളവർക്ക് വാക്‌സിൻ വിതരണം ചെയ്തിരുന്നു. ഇന്നലെയാണ് വാർഡ് അടിസ്ഥാനത്തിൽ വിതരണം തുടങ്ങിയത്. ആളുകളുടെ തിരക്ക് കുറയ്ക്കാനായാണ് ടൗൺ ഹാളിൽ കേന്ദ്രം തുറന്നത്. എന്നാൽ വാർഡ് ജാഗ്രത സമിതി ചേരാതെ കൗൺസിലർമാർ സ്വന്തമായി തയാറാക്കിയ പട്ടികയിലുള്ളവർക്കാണ് വാക്‌സിൻ നൽകുന്നതെന്ന് എൽ.ഡി.എഫ്. നേതാക്കളായ അഡ്വ. മനോജ് എം. തോമസ്, എം.സി. ബിജു. രാജൻകുട്ടി മുതുകുളം എന്നിവർ ആരോപിച്ചു. മുൻകരുതലുകളും സ്വീകരിച്ചിട്ടില്ല. ടൗൺ ഹാളിൽ ആളുകൾ കൂട്ടം കൂടുന്ന സ്ഥിതിയാണ്. കൂടാതെ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ലെന്നും ഇവർ ആരോപിച്ചു.
അതേസമയം എൽ.ഡി.എഫ്. ആരോപണം ഭരണസമിതി തള്ളി. മുമ്പ് ക്യാമ്പുകൾ നടക്കാത്ത വാർഡുകളിൽ മുൻഗണന അടിസ്ഥാനത്തിൽ ആദ്യം രജിസ്റ്റർ ചെയ്തവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് വാക്‌സിൻ നൽകുന്നത്. സമയക്രമം തെറ്റിച്ച് ആളുകൾ എത്തിയതാണ് തിരക്കിന് കാരണമെന്നും യു.ഡി.എഫ്. കൗൺസിലർമാർ പറഞ്ഞു.