bridge
പ്രളയത്തിൽ തകർന്ന അടിമാലി 12ാംമൈലിലെ പാലം

അടിമാലി: പ്രളയത്തിൽ തകർന്ന പാലത്തിന്റെ പുനർ നിർമ്മാണം വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാകുന്നില്ല.അടിമാലി 12ാം മൈലിനേയും മെഴുകുംചാലിനേയും തമ്മിൽ ബന്ധിപ്പിച്ച് ദേവിയാർ പുഴക്കു കുറുകെ നിർമ്മിച്ചിരുന്ന പാലത്തിന്റെ മദ്ധ്യഭാഗം 2018ലെ പ്രളയത്തിലെ കുത്തൊഴുക്കിൽപ്പെട്ടത്. മെഴുകും ചാൽ പ്രദേശത്തുള്ളവർ കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയിലേക്കെത്തിയിരുന്നത് ഈ പാലത്തിലൂടെയായിരുന്നു. പാലം പുനർ നിർമ്മിക്കണമെന്ന ആവശ്യം പ്രളയാനന്തരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പാലം പുനർ നിർമ്മിക്കുന്നതിനോ യാത്രാ ക്ലേശം പരിഹരിക്കുന്നതിനോ നടപടിയുണ്ടായില്ല. .ഒഴുകി പോയ പാലത്തിന്റെ മദ്ധ്യ ഭാഗത്ത് നാട്ടുകാർ കമുക് തടി ഇട്ട് താൽക്കാലിക യാത്രാസംവിധാനമൊരുക്കുകയായിരുന്നു. ഏറെ അപകട സാദ്ധ്യതയുള്ള ഇതിലൂടെയാണ് അന്ന്മുതൽ യാത്ര ചെയ്യുന്നത്. .കാലവർഷമാരംഭിച്ചതോടെ പുഴയിലെ ഒഴുക്ക് വർദ്ധിച്ചതോടെ കൈവിരിപോലുമില്ലാത്ത ഈ പാലത്തിലൂടെയുള്ള യാത്ര നാട്ടുകാരെ ഏറെ ഭയപ്പെടുത്തുകയാണ്.