കോട്ടയം: ഇടതു പക്ഷം എന്ത് ചെയ്താലും ന്യായീകരണ ക്യാപ്സൂൾ ഇറക്കുന്ന വെള്ളരിക്കാ പട്ടണമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ജോസഫൈന്റെ കാര്യത്തിലും ആദ്യം വന്നത് ന്യായീകരണമാണ്. പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെയാണ് രാജിവയ്ക്കുന്ന സ്ഥിതി ഉണ്ടായത്. സ്ത്രീധന പീഡന വാർത്തകളാൽ കേരളം തല കുനിച്ചു നിൽക്കുന്ന സമയത്ത് അതേ സ്ത്രീകളെ സംരക്ഷിക്കും എന്ന് പറയേണ്ട ഡി.വൈ.എഫ്.ഐ ജോസഫൈനെ ന്യായീകരിച്ച് സർക്കാരിന് മംഗളപത്രം എഴുതുന്ന സംഘടനയായി അധപ്പതിച്ചു.
കാസർകോട് ഇരട്ട കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയ നടപടിയിലും അവർക്ക് ജീവിക്കണ്ടേ എന്ന് ന്യായീകരണ ക്യാപ്സ്യൂൾ ആണ് സി.പി.എം ഇറക്കിയത്. മരം മുറി കേസിൽ മുൻ റവന്യൂ, വനം മന്ത്രിമാരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്യണം. രാമനാട്ടുകര കേസ് ഇപ്പോഴും നിഗൂഢമായി നിൽക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാലേ സത്യം പുറത്തു കൊണ്ടുവരാനാകൂ.
രാഷ്ടീയവും മതവും കൂട്ടിക്കുഴയ്ക്കരുതെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന തന്നെ വിമർശിക്കാൻ സമുദായ സംഘടനകൾക്ക് അധികാരമുണ്ടെന്നും കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തിൽ സതീശൻ പറഞ്ഞു.