മുണ്ടക്കയം:വിവാഹ വാഗ്ദാനം നൽകി 21 കാരിയായ ദളിത് യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചെന്ന പരാതിയിൽ മുണ്ടക്കയം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട ഇലന്തൂർ ക്ഷേത്രത്തിലെ പൂജാരിയും മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയുമായ വിനുമോനെതിരെയാണ് മുണ്ടക്കയം സ്വദേശിനിയായ പെൺകുട്ടി രംഗത്തെത്തിയിരിക്കുന്നത്. വിവാഹം കഴിക്കാമെന്നു പറഞ്ഞ് നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. മുണ്ടക്കയം,കോരുത്തോട് പഞ്ചായത്തുകളിലെ വിവിധ ക്ഷേത്രങ്ങളിൽ പൂജാരിയായി വിനു ജോലി ചെയ്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു. കോരുത്തോട് പഞ്ചായത്തിലെ ഒരു ക്ഷേത്രത്തിനോട് ചേർന്ന ശാന്തി മഠത്തിൽ വച്ചായിരുന്നു പീഡനം. വിവാഹത്തിന് തയാറാകാതെ വന്നതോടെ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിവാഹം നടത്താമെന്നു ഇയാൾ നേരത്തെ അറിയിച്ചിരുന്നു. ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റർ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിന്റെ പേരിൽ വിവാഹം അടുത്ത ദിവസത്തിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് തയാറല്ലെന്ന് ഇയാൾ ഫോണിൽ യുവതിയുടെ പിതാവിനെ അറിയിച്ചതോടെയാണ് വീണ്ടും പരാതി നൽകിയത്. ഇയാളുടെ കൈവശം തന്റെ നഗ്ന ചിത്രങ്ങളും വീഡിയോയുമുണ്ടെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പ്രതിയെ എത്രയും വേഗം പ്രതിയെ പിടികൂടുമെന്ന് മുണ്ടക്കയം സി.ഐ വി.എൻ സാഗർ അറിയിച്ചു.