നെടുങ്കണ്ടം :കൂട്ടാറിലെ നാട്ടുകാരുടെ വാട്‌സ്ആപ് കൂട്ടായ്മ അംഗങ്ങൾ ഒരുമിച്ചപ്പോൾ 7 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം സാദ്ധ്യമായി. കൂട്ടാറിലെ വാർത്തകളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന ഗ്രൂപ്പിലെ അംഗങ്ങൾ ആർദ്രം സൗഹൃദ വേദിയുടെ സഹകരണത്തോടെയാണ് കൂട്ടാർ എസ്.എൻ. എൽ.പി. സ്‌കൂളിലെ നിർദ്ധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകിയത്. കഴിഞ്ഞ ദിവസമാണ് ഗ്രൂപ്പിൽ ഇതേക്കുറിച്ച് ചർച്ച ചെയ്തത്. തുടർന്ന് സുമനസുകളുടെ സഹായത്തോടെ 50,000 രൂപ സമാഹരിച്ചു. അംഗങ്ങളിലെ ഭൂരിഭാഗം പേരുടെയും മാതൃവിദ്യാലയമായ കൂട്ടാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഫോണുകൾ കൈമാറാൻ തീരുമാനിക്കുകയായിരുന്നു. കൂടാതെ ഓരോ മാസവും വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് റീചാർജ് ചെയ്യുന്നതിനുള്ള തുക നൽകാനും കൂട്ടായ്മ ലക്ഷ്യമിടുന്നു.
സ്‌കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് അനില എസ്. മോഹൻ ഫോണുകൾ ഏറ്റുവാങ്ങി. ജിജിമോൻ കുറുമാക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെയ്‌മോൻ നെടുവേലി, സുരേഷ് പി, പി.ടി.എ .പ്രസിഡന്റ് സുരേഷ് എൻ.ആർ, വൈസ് പ്രസിഡന്റ് മുഹമ്മദ് അലി, നിസാം കെ, ഫിലിപ്പോസ് എന്നിവർ പങ്കെടുത്തു.