പൊൻകുന്നം:കെ.എസ്.ആർ.ടി.സി.പൊൻകുന്നം ഡിപ്പോയിലെ ഗാരേജും വർക്ക്‌ഷോപ്പും നവീകരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി കടലാസിലൊതുങ്ങി. നാലുപതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച ഡിപ്പോയിൽ അന്നുനിർമ്മിച്ച ഷെഡിലാണ് വർക്ക്‌ഷോപ്പും ഗാരേജും ഇപ്പോഴും പ്രവർത്തിക്കുന്നത്.ദ്രവിച്ചുവീഴാറായ ഷെഡിന്റെ പുനരുദ്ധാരണത്തിനായി കഴിഞ്ഞ വർഷം ഡോ.എൻ.ജയരാജ് എം.എൽ.എ 80 ലക്ഷം രൂപ അനുവദിച്ചിരുന്നു. കൂടുതൽ സ്ഥല സൗകര്യത്തിൽ ആധുനിക സംവിധാനങ്ങളോടെ വർക്ക്‌ഷോപ്പ് നിർമ്മിക്കാനായിരുന്നു പരിപാടി.എന്നാൽ പദ്ധതി വിഭാവന ചെയ്യുന്ന രീതിയിലുള്ള നവീകരണത്തിന് ഈ തുക മതിയാവില്ലെന്നായിരുന്നു കെ.എസ്.ആർ.ടി.സി.അധികൃതരുടെ നിലപാട്. തുടർന്നാണ് മറ്റു നടപടികളിലേക്ക് കടക്കും മുമ്പ് പദ്ധതി ഉപേക്ഷിച്ചത്. കെ.നാരായണക്കുറുപ്പ് ഗതാഗതവകുപ്പ് മന്ത്രിയായിരിക്കെ 1979 ലാണ് പൊൻകുന്നത്ത് കെ.എസ്.ആർ.ടി.സി.ഡിപ്പോ ആരംഭിച്ചത്.
പദ്ധതി നടപ്പാക്കും
ആവിഷ്‌ക്കരിച്ച പദ്ധതികൾ നടപ്പാക്കുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രംകെ.എസ്.ആർ.ടി.സി.പൊൻകുന്നം ഡിപ്പോയിലെ വർക്ക്‌ഷോപ്പ്.