കട്ടപ്പന: വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ കട്ടപ്പന നഗരസഭ കൗൺസിൽ യോഗം ചേർന്നു.നഗരസഭാദ്ധ്യക്ഷ ബീന ജോബി അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിൽ ഭരണ പ്രതിസന്ധിയാണെന്നും കൗൺസിൽ യോഗം നടക്കാത്തതിനാൽ വിവിധ പദ്ധതികൾ നിലച്ചിരിക്കുകയാണെന്നും എൽ.ഡി.എഫും ബി.ജെ.പിയും ആരോപിച്ചിരുന്നു. തുടർന്ന് 2 മാസത്തിന് ശേഷം നഗരസഭ കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. കൂടുതൽ ഡോസ് വാക്‌സിൻ എത്തിയതിനാൽ വാക്‌സിനേഷനുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചർച്ച. ടൗൺഹാളിലെ വാക്‌സിനേഷൻ സെന്റർ തുടരാൻ തീരുമാനിച്ചു. ഇവിടെ ഡോക്ടറുടെ സേവനം എല്ലാദിവസവും ലഭ്യമാക്കുന്ന കാര്യം പരിഗണിക്കും.
അതേസമയം കൊവിഡ് വാക്‌സിനേഷൻ, മാലിന്യ നിർമാർജനം എന്നിവയിൽ ഭരണസമിതി വീഴ്ച വരുത്തിയതായി എൽ.ഡി.എഫ്. കൗൺസിലർമാർ ആരോപിച്ചു. കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടർന്ന് മുഴുവൻ പ്രവർത്തനങ്ങളും അവതാളത്തിലായി. ഭരണ സമിതി കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിൽ സമരം നടത്തുമെന്നും ഇവർ പറഞ്ഞു.
ലോക്ക് ഡൗൺ സമയത്ത് ഒരു തവണ ഓൺലൈനായി യോഗം ചേർന്നിരുന്നു. എന്നാൽ നയപരമായി തീരുമാനങ്ങൾ എടുക്കാനും എല്ലാ അംഗങ്ങൾക്കും ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം പറയാനും അപ്രായോഗികമാണെന്ന് വിമർശനം ഉയർന്നു. ഭരണ സമിതിയിലെ ഒരു വിഭാഗവും ഇതേ അഭിപ്രായമാണ് ഉന്നയിച്ചത്. തുടർന്നാണ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നത്.