വൈക്കം : വൈക്കത്തെ ലോട്ടറി ഓഫീസിന് മുമ്പിൽ തൊഴിലാളികൾ പട്ടിണി സമരം നടത്തി. കൊവിഡ് ദുരിതത്തിൽ പ്രതിസന്ധിയിലായ ലോട്ടറി തൊഴിലാളികൾക്ക് രണ്ട് മാസം മുമ്പ് സർക്കാർ പ്രഖ്യാപിച്ച സഹായം നൽകാത്തതിൽ പ്രതിഷേധിച്ചും, ലോട്ടറി തൊഴിലാളികൾക്ക് 5000 രൂപ ധനസഹായവും 5000 രൂപയുടെ ടിക്കറ്റിനുള്ള കൂപ്പണും നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ സമരം നടത്തി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാർ, യൂണിയൻ ജില്ലാ സെക്രട്ടറി ടി.ഡി സുധാകരൻ, സി.തങ്കച്ചൻ, എൻ.എസ്.ബാബു, വി.അരവിന്ദൻ, സത്യൻ വെച്ചൂർ എന്നിവർ പ്രസംഗിച്ചു.