കട്ടപ്പന: ഹാൾ ടിക്കറ്റ് വാങ്ങാൻ വിദ്യാർത്ഥികൾ ഒഴുകിയെത്തിയതോടെ കട്ടപ്പന ഗവ. കോളജ് പരിസരം ജനനിബിഡമായി. ഇന്നലെ ഉച്ചയോടെ 500ൽപ്പരം വിദ്യാർത്ഥികളാണ് സാമൂഹിക അകലം പോലും പാലിക്കാതെ കോളജ് കവാടത്തിൽ തിക്കിത്തിരക്കിയത്. ഒടുവിൽ പൊലീസ് എത്തി ഇവരെ നിയന്ത്രിക്കുകയായിരുന്നു. സ്വകാര്യ കോളജുകളിലെ വിദ്യാർത്ഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയ്ക്കുമുള്ള ഹാൾ ടിക്കറ്റുകളാണ് ഇന്നലെ വിതരണം ചെയ്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഹാൾ ടിക്കറ്റ് കോളജിലെത്തിച്ചത്. അറിയിപ്പ് ലഭിച്ചതോടെ വിദ്യാർത്ഥികൾ ഒന്നടങ്കം കോളജിലേക്ക് ഒഴുകിയെത്തുകയായിരുന്നു. രാവിലെ 10ഓടെ വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും 2 മണിക്കൂർ വൈകി. കോളജിന്റെ കവാടത്തിൽ സജ്ജീകരിച്ച കൗണ്ടിൽ നിന്നാണ് വിതരണം ചെയ്തത്. എന്നാൽ വിദ്യാർത്ഥികൾ ഇവിടെ കൂട്ടംകൂടിയതോടെ അധികൃതരും വലഞ്ഞു. പലതവണ കോളജ് റോഡിൽ ഗതാഗതം മുടങ്ങുന്ന സ്ഥിതിയായി. വിവരമറിയിച്ചതിനെ തുടർന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി വിദ്യാർത്ഥികളെ കോളജ് പരിസരത്തേയ്ക്ക് മാറ്റുകയായിരുന്നു. കൂടാതെ ഹാൾ ടിക്കറ്റ് വിതരണം ലൈബ്രറിയിലേക്കും മാറ്റി.