ചങ്ങനാശേരി : വീട് കയറി വീട്ടമ്മയെ ആക്രമിച്ചശേഷം ഒളിവിൽ പോയ പ്രതികൾ പിടിയിൽ. വേഷ്ണാൽ സ്വദേശിയായ അഭിജിത്ത്, ജിത്തു പ്രകാശ്, കട്ടപ്പന സ്വദേശിയ ജിനീഷ് (കുട്ടൻ) എന്നിവരാണ് പൊലീസ് പിടിയിലായത്. വിവിധ കേസുകളിൽ പ്രതികളായിരുന്ന ഇവർ കഴിഞ്ഞ 18 ന് നാലുകോടി വേഷ്ണാൽ ഭാഗത്തുള്ള സനീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ മർദ്ദിച്ച് വീട്ടുപകരണങ്ങൾ അടിച്ചു തകർത്ത ശേഷം കടന്നുകളയുകയായിരുന്നു. പെരുവന്താനത്താണ് ഇവർ ഒളിവിൽ കഴിഞ്ഞത്. രഹസ്യവിവരത്തെ തുടർന്ന് തൃക്കൊടിത്താനം പൊലീസെത്തിയെങ്കിലും കെ.എസ്.ആർ.ടി.സി ബസിൽ കയറി സംഘം രക്ഷപ്പെട്ടു. പിന്തുടർന്നെത്തിയ പൊലീസ് 40-ാം മൈൽ ഭാഗത്ത് വച്ച് ബസ് തടഞ്ഞു. ഇറങ്ങി ഓടിയ പ്രതികൾ സമീപത്തെ കാടിനുള്ളിലേയ്ക്ക് കയറി. പിന്നീട് നാട്ടുകാരുടെയും മുണ്ടക്കയം പൊലീസിന്റെയും സഹായത്തോടെ നടത്തിയ തെരച്ചിലിൽ പിടികൂടുകയായിരുന്നു. മുത്തൂറ്റ് പോൾ വധക്കേസിലെ പ്രതിക്കെതിരെ സനീഷ് മൊഴി കൊടുത്തതിന്റെ വൈരാഗ്യവും ഫോണിനെച്ചൊല്ലിയുള്ള തർക്കവുമായിരുന്നു അക്രമത്തിലേക്ക് നയിച്ചത്.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃക്കൊടിത്താനം സി.ഐ ഇ.അജീബ്, എസ്.ഐ അഖിൽദേവ്, എസ്.ഐ പ്രദീപ്, സി.പി.ഒമാരായ പ്രതീഷ്, ജോർജ് തുടങ്ങിയവർ അറസ്റ്റിന് നേതൃത്വം നൽകി.