മുണ്ടക്കയം: എരുമേലി പൂഞ്ഞാർ സംസ്ഥാനപാതയിൽ പറത്താനത്ത് വാഹനത്തിൽ നിന്നും റോഡിലേക്ക് വീണ ഓയിലിൽ തെന്നിവീണ് നിരവധി ഇരുചക്രവാഹനയാത്രക്കാർക്ക് പരിക്ക്. പാറത്താനം മുതൽ ചോലത്തടം വരെയുള്ള ഭാഗത്തായാണ് റോഡിൽ ഓയിൽ പരന്നത്. ശനിയാഴ്ച്ച പുലർച്ചെ പാതയിലൂടെ സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് റോഡിലേക്ക് ഓയിൽ ചോർന്നത്. രാവിലെ മഴ കൂടി പെയ്തതോടെ കൂട്ടതോടെ ഇരു ചക്രവാഹന യാത്രക്കാർ വീഴാൻ തുടങ്ങി.തുടർന്ന് മുണ്ടക്കയം പൊലീസും, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി റോഡിൽ അറക്കപൊടി വിതറി . ഓയിൽ കൂടുതലായി പടർന്ന റോഡിന്റെ ഭാഗങ്ങൾ ഫയർഫോഴ്സ് വെള്ളം ഉപയോഗിച്ച് കഴുകി. ലോക് ഡൗണിനെ തുടർന്ന് വാഹന യാത്രക്കാരുടെ എണ്ണം കുറവായതിനാൽ വലിയ അപകടം ഒഴിവായി.