police

"പൊലീസ് ഞങ്ങൾക്ക് പുല്ലാണേ " എന്ന് സമരമുഖങ്ങളിൽ ആവേശത്തോടെ വിളിക്കാറുണ്ടെങ്കിലും ലാത്തീ വീശിയാൽ തന്ത്രപരമായി നീങ്ങുന്നവരാണ് മിക്ക നേതാക്കളും. ഇത് പഴംകഥയാക്കി പൊലീസു കാർക്ക് നേരേയുള്ള ആക്രമണങ്ങൾ വ്യാപകമാവുകയാണ്.

തോക്കോ ലാത്തിയോ കൈവശമില്ലെങ്കിലും കാക്കി കുപ്പായക്കാരെ സാമാന്യജനങ്ങൾ പേടിക്കുന്നുവെന്നതാണ് പൊലീസിന്റെ ധൈര്യം. എന്നാൽ ജനങ്ങൾക്ക് പേടിയില്ലാതായോ എന്നു സംശയം. ഒരു ആഴ്ചയ്ക്കുള്ളിൽ കോട്ടയത്ത് മാത്രം മൂന്ന് പൊലീസുകാർക്ക് നേരേയാണ് ആക്രമണം ഉണ്ടായത്.

പ്രതിയെ പിടിക്കാൻ അതിരമ്പുഴയിലെ വീട്ടിലെത്തിയ എസ്.ഐയുടെ തലയ്ക്ക് പ്രതിയുടെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു, ഏറ്റുമാനൂരിൽ സിവിൽ പൊലീസ് ഓഫീസറുടെ തോളെല്ല് തകർത്തു . ചിങ്ങവനം സ്റ്റേഷനു മുന്നിൽ പെട്രോൾ നിറച്ച കുപ്പിയുമായെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറി. ലോക്ക് ഡൗൺ നിയന്ത്രണം ലംഘിക്കുന്നവരെ തടയാൻ ശ്രമിക്കുന്ന പൊലീസുകാർക്കെതിരെ വ്യാപകമായ ആക്രമണമാണ് പല ഭാഗത്തും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മറയൂരിൽ മാസ്ക്ക് വയ്ക്കാതെ പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ഒരു പൊലീസുകാരന്റെ തലയോട്ടിയാണ് വെട്ടിപൊളിച്ചത്.

ഒരു പ്രതിയെ പൊലീസ് പിടിച്ച് കോടതിയിലെത്തിക്കുമ്പോൾ പൊലീസുകാർ മർദ്ദിച്ചോ എന്നാണ് ജഡ്ജിയുടെ ചോദ്യം. ആശുപത്രിയിലെത്തിക്കുമ്പോൾ ഡോക്ടറും ഇതേ ചോദ്യം ചോദിക്കും. കുറ്റം സമ്മതിപ്പിക്കാൻ മൂന്നാം മുറ പ്രയോഗിച്ചാൽ മനുഷ്യാവകാശ കമ്മിഷനും വാളെടുക്കും. ചുരുക്കത്തിൽ പൊലീസുകാരുടെ തൊപ്പി തെറിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങൾ. ഭയമില്ലാതെ പൊലീസ് സ്റ്റേഷനിൽ ജനങ്ങൾക്ക് കയറിയിറങ്ങാനും സൗഹൃദാന്തരീക്ഷം ഉണ്ടാക്കാനുമാണ് ജനമൈത്രി പൊലീസ് ആരംഭിച്ചത്. ഇതിന് ഒട്ടേറെ ഗുണങ്ങൾ ഉണ്ടെങ്കിലും ഇതോടെ ജനങ്ങൾക്ക് പൊലീസിനെ ഭയമില്ലാതായെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പൊലീസ് വിരട്ടിയാൽ ഓടാതെ നിൽക്കുകയും തല്ലിയാൽ തിരിച്ചടിക്കുകയും ചെയ്യുന്ന സ്ഥിതി ക്രിമിനലുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. സകല ക്രിമിനലുകളുമായും മാഫിയകളുമായി ബന്ധം പുലർത്തി സകല കച്ചവടത്തിനും കൂട്ടു നിന്ന് ക്രിമിനലായി മാറിയ പൊലീസുകാരും സേനയിൽ കുറവല്ല . ഈ അവസ്ഥയ്ക്ക് മാറ്റം വരണം. പൊലീസുകാർക്കെതിരെ ക്രിമിനലുകളുടെ ഭാഗത്തു നിന്നുണ്ടാകുന്ന അക്രമങ്ങൾക്ക് അറുതി വരുത്തുന്നതിന് ശക്തമായ നടപടി ഉണ്ടാവണം.