വൈക്കം : തോണിക്കാരനുമവന്റെ പാട്ടും പോയ് മറഞ്ഞു... കായലിലെ വിളക്കുമരം കണ്ണടച്ചു...
കായലോരങ്ങൾ തോണിക്കാരുടെ പാട്ടിന് കാതോർത്തിരുന്ന ഒരു കാലം. കായലോളങ്ങൾ പാടുന്ന കഥകളിൽ ഇതുവഴി രാജകീയ ജലയാനങ്ങൾ വരെ കടന്നുപോയിരുന്ന ഒരു ഗതകാലമുണ്ട്. അന്ന് അവയ്ക്ക് വഴികാട്ടാൻ ഇവിടെ, തിരുമണിവെങ്കിടപുരത്ത് ഒരു വിളക്കുമരമുണ്ടായിരുന്നു. ആ വിളക്കുമരം ഇന്നില്ല. പക്ഷെ അതിന്റെ ശേഷിപ്പുകളുമായി പഴയകാല പ്രതാപങ്ങൾ ഓർത്തെടുക്കാൻ വിളക്കുമാടത്തുരുത്ത് ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. ചരിത്രത്തോട് നീതി പുലർത്താനെങ്കിലും വിളക്കുമരം പുനരാവിഷ്‌കരിച്ച് തുരുത്ത് നവീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യമാണുയരുന്നത്.
ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ ബലിക്കടവിന് നൂറു മീറ്ററകലെ വേമ്പനാട്ടുകായലിലാണ് വിളക്കുമാടത്തുരുത്ത്. കോട്ടയം, ആലപ്പുഴ, കൊച്ചി തുടങ്ങിയ നഗരങ്ങൾക്കിടയിൽ ജലഗതാഗതം സജീവമായിരുന്ന കാലത്ത് വിളക്കുമരത്തിലെ വെളിച്ചം രാത്രികാലങ്ങളിൽ യാനങ്ങൾക്ക് വഴികാട്ടിയിരുന്നു.

പന്ത്രണ്ട് സെന്റ് വിസ്തൃതി
പന്ത്രണ്ട് സെന്റ് വിസ്തൃതിയുള്ള കായൽത്തുരുത്തിൽ വിളക്കുമരവും വിളക്കുമാടപുരയും ജലയാനങ്ങളിലെത്തുന്നവർക്കായി വിശ്രമകേന്ദ്രവുമാണുണ്ടായിരുന്നത്. വിളക്ക് മരത്തിൽ നിത്യവും എണ്ണയൊഴിച്ച് വിളക്ക് തെളിക്കാൻ രാജഭരണകാലം മുതൽ ജീവനക്കാരുമുണ്ടായിരുന്നു. ഇറിഗേഷൻ വകുപ്പിന്റെ നിയന്ത്രണത്തിലാണ് തുരുത്ത്. ജലയാത്ര പരിമിതമായതോടെ അവഗണനയിലായ വിളക്കുമാടത്തുരുത്തിപ്പോൾ നാശത്തിന്റെ വക്കിലാണ്. പരിരക്ഷിക്കപ്പെട്ടില്ലെങ്കിൽ ഇന്നലെകളുടെ ചരിത്ര സ്മൃതികൾ പേറുന്ന തുരുത്ത് അധികം വൈകാതെ ഓർമ്മയാകും. ദേശീയജലപാത ഇതുവഴി കടന്ന് പോകുന്ന പുതിയ കാലത്തിൽ വിളക്കുമാടമെന്ന പഴങ്കഥയ്ക്ക് ഏറെ പ്രസക്തിയുണ്ട്.


വർഷങ്ങൾക്ക് മുൻപ് വിളക്കുമാടത്തുരുത്തിന്റെ പുനരുദ്ധാരണത്തിനായി ഇറിഗേഷൻ മന്ത്രിക്ക് നിവേദനം നൽകുകയും മന്ത്രിയുടെ നിർദ്ദേശപ്രകാരം 35ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് തുടർ നടപടികളൊന്നുമുണ്ടായില്ല. വിളക്കുമാടത്തുരുത്തിലേക്ക് തൂക്കുപാലവും അവിടെ വിശ്രമകേന്ദ്രവും സോളാർ വിളക്കുകളും സ്ഥാപിച്ചാൽ വിനോദസഞ്ചാരമേഖലയ്ക്കും പ്രയോജനകരമാവും.
ടി.ബി.മോഹൻദാസ്
തറയിൽ, ടിവി പുരം