കുമരകം: വെള്ളപ്പൊക്കെത്തെ അതിജീവിച്ച് വർഷകൃഷിയിറക്കാൻ നെൽകർഷകർ. തിരുവാർപ്പ് , അയ്മനം , ആർപ്പുക്കര ,കുമരകം തുടങ്ങിയ കൃഷി ഭവനുകളുടെ കീഴിലുള്ള പാടശേഖരങ്ങളിലാണ് കൂടുതലും വർഷകൃഷി നടത്തുന്നത്. അയ്മനം പഞ്ചായത്തിൽ 20 പാടേശേഖരങ്ങളിലാണ് ഇക്കുറി വർഷ കൃഷിയിറക്കുക .അതിൽ വട്ടക്കായൽ തെക്കേപ്പാടം വിതച്ചു. ആർപ്പുക്കര പഞ്ചായത്തിലും 20 പാടശേഖരങ്ങളിൽ വർഷകൃഷി നടത്തും. ഇതിൽ കേളക്കരി വട്ടക്കായൽ, മഞ്ചാടിക്കരി പുത്തൻകേളക്കരി, ചാലകരി ഐക്കരക്കരി, അകേത്തേക്കരി എന്നീ നാലു പാടശേഖരങ്ങളിലെ വിത കഴിഞ്ഞു . തിരുവാർപ്പിൽ കേളക്കരി മാടപ്പള്ളിക്കാട്, പുതുക്കാട്ട് അൻപത് എന്നീ രണ്ടു പാടശേഖരങ്ങളിൽ മാത്രമാണ് വർഷകൃഷി. കുമരകം പഞ്ചായത്തിൽ 10 പാടങ്ങളാണ് വർഷ കൃഷിക്കായി ഒരുക്കങ്ങൾ ആരംഭിച്ചത്. കൂടുതൽ പാടശേഖരങ്ങളിലും ജൂലായ് ആദ്യവാരം വിത്തെറിയും. പുറംബണ്ടുകളുടെ ബലക്ഷയവും ഉയരക്കുറവുമാണ് വിരിപ്പുകൃഷി എന്ന പേരിൽ അറിയപ്പെടുന്ന വർഷ കൃഷിക്ക് കർഷകർ നേരിടുന്ന പ്രധാന പ്രതിന്ധന്ധി.
പൗർണ്ണമിയും ശ്രേയസും
കാർഷിക സർവകലാശാലകൾ രോഗവ്യാപനം കുറഞ്ഞതും അത്യുല്പാദന ശേഷിയുള്ളതും മൂപ്പുകുറഞ്ഞതുമായ വിത്ത് ഇനങ്ങൾ ഉല്പാദിപ്പിച്ചിട്ടുണ്ട്. പൗർണ്ണമി , ശ്രേയസ് എന്നിവയാണ് പ്രധാന പുതിയ ഇനം നെൽവിത്തുകൾ. വർഷങ്ങളായി കർഷകർ ഇരുകൃഷികൾക്കും തിരഞ്ഞെടുക്കുന്നത് ഉമ എന്ന പേരിലുള്ള ഡി 1 നെൽവിത്താണ്. അനേകം വർഷങ്ങളായി കുട്ടനാടൻ കർഷകർ ഉപയോഗിച്ചിരുന്നത് ജ്യോതി എന്ന വിത്തായിരുന്നു. നെൽച്ചെടിക്ക് കാലാന്തരത്തിൽ പൊക്കം കുട്ടുകയും വീണടിഞ്ഞ് കിളിർക്കാൻ തുടങ്ങിയതോടെയാണ് കർഷകർ ഉമ വിത്ത് വിതച്ചു തുടങ്ങിയത് . കേരള സ്റ്റേറ്റ് സ്വീഡ് ഡെവലപ്മെന്റ് അതോറിറ്റിയും, നാഷണൽ സ്വീഡ് കോർപറേഷനുമാണ് വിത്ത് ശേഖരിച്ച് വിതരണം നടത്തുന്നത് . ഒരു കിലോഗ്രാം വിത്തിന് 41 രൂപയാണ് വില. എന്നാൽ അതത് പഞ്ചായത്തുകൾ 50 ശതമാനം സബ്സിഡി കർഷകർക്ക് നൽകുന്നുണ്ട്. ഏക്കറിന് 40 കിലോഗ്രാം വിത്തിന് മാത്രമേ സബ്സിഡി ലഭിക്കൂ.
വിത്ത് (ഒരു ഏക്കറിന്): 50 മുതൽ 55വരെ കിലോ വരെ