തോട്ടിൽ മാലിന്യത്തിനൊപ്പം പോളയും നിറഞ്ഞു
ചങ്ങനാശേരി: ആകെ കാടും പടലവും, ഒപ്പം കുന്നോളം മാലിന്യവും. തരിശുപറമ്പിനു സമാനമാണ് ഇപ്പോൾ ആവണി തോട്. എ.സി റോഡ് നിരപ്പിനോട് ചേർന്നു നിൽക്കുന്ന തോട്ടിൽ അടിഞ്ഞുകൂടിയതിലേറെയും പ്ലാസ്റ്റിക്ക് മാലിന്യമാണ്.ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷം അടിഞ്ഞു കൂടിയ മാലിന്യങ്ങളാണ് തോട്ടിൽ മീറ്ററുകളോളം തിങ്ങിനിറഞ്ഞു കിടക്കുന്നത്. മുൻ വർഷങ്ങളിൽ മഴക്കാലത്തിന് മുന്നോടിയായി ആവണി തോട് ശുചീകരിച്ചിരുന്നു. പോള നിറഞ്ഞു കിടക്കുന്ന ബോട്ട് ജെട്ടിയും മറ്റ് ചെറുതോടുകളും വൃത്തിയാക്കിയെങ്കിലും ആവണി തോടിനെ ഇത്തവണ അവഗണിച്ചു. മനയ്ക്കച്ചിറയാറിൽ നിന്നും കൈവഴിയായി വരുന്ന ഭാഗം എത്തിച്ചേരുന്നത് ആവണിതോട്ടിലേയ്ക്കാണ്. പോളകൂടി നിറഞ്ഞതോടെ നീരൊഴുക്കും നിലച്ച അവസ്ഥയാണ്.
അപകടസാധ്യതയേറെ
എ.സി റോഡിനോട് ചേർന്നുള്ള തോടായതിനാൽ നിരവധി അപകടങ്ങളും ഇവിടെ പതിയിരിക്കുന്നു. റോഡരിക് പുല്ലും കാടും വളർന്നു നിൽക്കുന്നതും അപകടസാധ്യത ഇരട്ടിയാക്കുന്നു. മാലിന്യം നിറഞ്ഞതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മുമ്പ് നിരവധി അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. തോടിന് നിലവിൽ സംരക്ഷണഭിത്തിയില്ല. തോട് ശുചീകരിക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.