വൈക്കം : വായിച്ച് വളരാൻ സഞ്ചരിക്കുന്ന വായനശാല. ഇനി വിദ്യാർത്ഥികളുടെ വീടുകളിലേക്ക് പുസ്തകവണ്ടി എത്തും.
വായനാദിനത്തിന്റെ സമാപനത്തിന്റെ ഭാഗമായി ഗവ.ഗേൾസ് ഹൈസ്‌കൂളിലാണ് വായനയുടെ ലോകത്തേക്ക് കുട്ടികളെ ആകർഷിക്കാൻ പുസ്തകവുമായി എത്തുന്നത്. ഓൺലൈൻ പഠനസംവിധാനം വതോടെ സ്‌കൂളിലെ ലൈബ്രറി നിശ്ചലമായി. വിലപിടിപ്പുള്ള ഒട്ടേറെ പുസ്തകങ്ങൾ സ്‌കൂളിന്റെ ലൈബ്രറിയിൽ ഉണ്ട്. വിദ്യാർത്ഥികളിൽ വായനാശീലം വളർത്താൻ ലൈബ്രറിയിലെ പുസ്തകങ്ങൾ വിദ്യാർത്ഥികളുടെ വീടുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പുസ്തകങ്ങൾ വായിച്ച ശേഷം വിദ്യാർത്ഥികളോ രക്ഷകർത്തക്കളോ സ്‌കൂളിൽ എത്തിക്കണമെന്നാണ് വ്യവസ്ഥ. കുട്ടികളെ വായനയിൽ പ്രാപ്തരാക്കാൻ മഹാകവി പാലാ നാരായണൻ നായർ രചിച്ച ഒരു പറ്റം പുസ്തകങ്ങൾ മകൻ ശ്രീകുമാർ സ്‌കൂളിന് കൈമാറി. സ്‌കൂൾ ബസിലാണ് സഞ്ചരിക്കുന്ന വായനശാല ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂളിന്റെ പരിധിയിലുള്ള ഓരോ മേഖലകളിലും പുസ്തക വണ്ടി എത്തും. വിദ്യാർത്ഥികളുടെ വീടുകളിൽ പുസ്തക വണ്ടി എത്തുന്ന സ്ഥലവും സമയവും അറിയിക്കും. പുസ്തകവണ്ടിയിൽ നിന്ന് അവരവരുടെ അഭിരുചിക്ക് അനുസരിച്ച് പുസ്തകങ്ങൾ തിരഞ്ഞെടുക്കാം.
പുസതകവണ്ടിയുടെ പ്രയാണം വാർഡ് കൗൺസിലർ ലേഖാ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുമേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപിക എം.ആർ സുനിമോൾ, ശ്രീകുമാർ ടി.വി.പുരം, സാബു പി.മണലോടി, കെ.പൊന്നമ്മ, ജയശ്രീ, പി.ആർ ബിന്ദുമോൾ, ലൂസി സണ്ണി, പ്രിൻസിപ്പൾ ജോൺ എന്നിവർ പങ്കെടുത്തു.