വൈക്കം : ആശ്രമം സ്‌കൂളിലെ വിദ്യാർത്ഥികൾ ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷി നടപ്പാക്കുന്നു.

ഓണത്തിനാവശ്യമായ ഉല്പന്നങ്ങൾ സ്വന്തമായി കൃഷിചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ടാണ് വിദ്യാർത്ഥികൾ സ്‌കൂളിന്റെ കൃഷിപാഠം പദ്ധതിയിൽപ്പെടുത്തി പച്ചക്കറി കൃഷി നടപ്പാക്കുന്നത്.
തലയാഴം പഞ്ചായത്തിൽ ഇതിനായി രണ്ട് ഏക്കർ സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. ഓരോ കൃഷിക്കും യോജിച്ചതരത്തിൽ പുരയിടങ്ങൾ മൺചിറകളും കുഴികളും വരമ്പുകളുമാക്കി മാറ്റി. അടിസ്ഥാന വളപ്രയോഗം നടത്തി ജൈവകൃഷിക്കായി ഒരുക്കി. ജൈവവളങ്ങളും ജൈവകിടനാശിനിയും ഉപയോഗിച്ചാണ് കൃഷി. മുന്തിയ ഇനം വിത്തുകളും തൈകളും ഇതിനായി ശേഖരിച്ചു.
തിരുവാതിര ഞാറ്റുവേലയുടെ പക്കത്തിലാണ് വിത്ത് പാകിയത്. വള്ളിപ്പയറ്, പടവലം, പീച്ചിൽ, കോവൽ, പാവൽ, മത്തൻ, തണ്ണിമത്തൻ, കുക്കുമ്പർ, തക്കാളി, കുമ്പളം, വഴുതന, പച്ചമുളക്, കാന്താരി, കപ്പ, ചേമ്പ്, ചീര, കാച്ചിൽ തുടങ്ങിയ ഇനങ്ങളാണ് ഈ വർഷം നട്ടത്. വളപ്രയോഗത്തിലും കൃഷിസംരക്ഷണത്തിലും അറിവും പരിചയവും നേടിയ കർഷകരുടെ നിർദേശവും സഹകരണവും തേടി. ഇനിയുള്ള കാലാവസ്ഥയിൽ കിട്ടുന്ന മിതമായ മഴ കൃഷിക്ക് അനുകൂല്യമാകുമെന്ന പ്രതീക്ഷ വിദ്യാർത്ഥികൾക്കുണ്ട്. പഠനത്തോടൊപ്പം കൃഷിരീതികളും പഠിച്ച വിദ്യാർത്ഥികൾ ഇതിനോടകം വിവധസമയങ്ങളിൽ നടത്തിയ കൃഷികളെല്ലാം നേട്ടമായിരുന്നു.
അദ്ധ്യാപകരും പി.ടി.എ പ്രതിനിധികളും കൂടി കൈകോർത്തതോടെ കൃഷി വൻവിജയമാകുമെന്ന ഉറച്ച വിശ്വാസമാണ് വിദ്യാർത്ഥികൾക്ക് . എസ്.പി.സി, എൻ.എസ്.എസ്, റെഡ്‌ക്രോസ്, ലിറ്റിൽ കൈറ്റ്സ് എന്നീ വിഭാഗങ്ങളും പിന്തുണയേകുന്നു. വിത്തുപാകലിന് പ്രിൻസിപ്പൾ ഷാജി ടി. കുരുവിള, എ. ജ്യോതി, പ്രഥമ അദ്ധ്യാപിക പി.ആർ ബിജി, വൈ.ബിന്ദു, മഞ്ജു എസ് നായർ ,സി.എസ്. ജിജി, പ്രീതി വി.പ്രഭ, റെജി എസ്. നായർ എന്നിവർ നേതൃത്വം നൽകി.