കുറിച്ചി: ദേവനന്ദനു വേണ്ടി സുമനസുകളുടെ കാരുണ്യം തേടി കുറിച്ചി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 14ാം വാർഡ് കുമരംകുളം പുതുപ്പറമ്പ് വീട്ടിൽ പി.ഡി അനീഷ്-ശാരി ദമ്പതികളുടെ മകനാണ് ഒൻപത് വയസുകാരൻ ദേവനന്ദ്. കഴിഞ്ഞ ഒന്നര വർഷമായി ബ്ലഡ് ക്യാൻസർ ബാധിച്ചു തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു ദേവനന്ദൻ. ദേവനന്ദന് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്. തുടർചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും 30 ലക്ഷം രൂപ കണ്ടെത്തമം. അനീഷ് മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായതിനാൽ ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയിലാണ്. അടിയന്തിരമായി ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തുന്നതിന് കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്റെ അദ്ധ്യക്ഷതയിൽ കുറിച്ചിയിൽ യോഗം ചേർന്ന് ദേവനന്ദൻ ചികിത്സാ സഹായസമിതി രൂപീകരിച്ചു. രാഷ്ട്രീയ കക്ഷിനേതാക്കൾ, മത,സാമുദായിക, സാമൂഹിക സംഘടനാ പ്രതിനിധികൾ, വാർഡ്‌മെമ്പർമാർ എന്നിവരടങ്ങുന്ന കമ്മറ്റിക്ക് രൂപം നൽകി.
അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ രക്ഷാധികാരിയായും കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ചെയർമാനായും വാർഡ് മെമ്പർ അഭിജിത്ത് മോഹൻ കൺവീനറായും 101 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയും 501 അംഗ ജനറൽ കമ്മറ്റിയുമാണ് രൂപീകരിച്ചത്. ഇന്ന് പഞ്ചായത്തിലെ 20 വാർഡുകളിലും വാർഡുതല യോഗങ്ങൾ ചേരും. ജൂലായ് നാലിന് 20 വാർഡുകളിലും നോട്ടീസ് വിതരണം ചെയ്യും. ജൂലായ് 11ന് മുഴുവൻ വീടുകളിലെത്തി ധനസമാഹരണം നടത്താനും തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അറിയിച്ചു.