ചെറുവള്ളി: കിഴക്കയിൽ ദുർഗാദേവി ക്ഷേത്രത്തിലേക്കും പത്തോളം വീടുകളിലേക്കും എത്താനുള്ള പൊതുവഴിക്ക് വീതി കുറഞ്ഞതായി പരാതി. കാലങ്ങളായുള്ള അനധികൃത കൈയേറ്റമാണ് വീതി കുറയാൻ കാരണം. നാലുമീറ്റർ വീതിയുണ്ടായിരുന്ന വഴിയുടെ പല ഭാഗത്തും മൂന്നു മീറ്ററിൽ താഴെയാണ് ഇപ്പോൾ വീതി. സർവേ രേഖകളിൽ 510 മീറ്റർ പൊതുവഴിയായ റോഡിന്റെ പുനരുദ്ധാരണത്തിനായി ചിറക്കടവ് ഗ്രാമപഞ്ചായത്ത് തുക അനുവദിച്ചിട്ടും ഇക്കാരണങ്ങൾ മൂലം ഉപയോഗിക്കാനായില്ല. പുനലൂർ-പൊൻകുന്നം റോഡിൽ നിന്നാണ് തുടക്കം. ഇവിടെ കെ.എസ്.ടി.പി നഷ്ടപരിഹാരം നൽകി നമ്പരിട്ട് ഏറ്റെടുത്ത കെട്ടിടം പൊളിച്ചു നീക്കാത്തതും വഴിയുടെ വീതി കുറയുന്നതിന് കാരണമാണ്. ചെറുവള്ളി പാലേക്കുഴിയിൽ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് ചിറക്കടവ് പഞ്ചായത്ത്, ജില്ലാ കളക്ടർ, റവന്യൂമന്ത്രി എന്നിവർക്ക് പരാതി നൽകി.