വളങ്ങളുടെയും കീടനാശിനികളുടെയും വിലയിൽ വൻവർദ്ധന

അടിമാലി: കൊവിഡ് കാലത്ത് കർഷകർക്ക് തിരിച്ചടിയായി വളങ്ങളുടെയും കീടനാശിനികളുടെയും വില കുതിച്ചുയർന്നു. ഏലത്തിന്റെ വിലയിടിവടക്കമുള്ള വിവിധ കാരണങ്ങളാൽ ഹൈറേഞ്ചിലെ കർഷകർ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുമ്പോഴാണ് കർഷകർക്ക് അധിക ബാധ്യത വരുത്തി വളങ്ങളുടെയും കീടനാശിനികളുടെയും വിലയിൽ വർദ്ധന ഉണ്ടായിട്ടുള്ളത്. പല കീടനാശിനികൾക്കും നിലവിലെ വിലയുടെ 25 ശതമാനത്തോളം അധിക വില വർദ്ധന ഉണ്ടായതായി കർഷകർ പറയുന്നു. വേപ്പിൻ പിണ്ണാക്കിനും എല്ലുപൊടിക്കും തുടങ്ങി തുരിശിനും ജൈവ വളങ്ങൾക്കുമടക്കം വില വർദ്ധിച്ചിട്ടുണ്ട്. വേപ്പിൻ പിണ്ണാക്കിനും എല്ലുപൊടിക്കും നാൽപ്പത് മുതൽ അമ്പതു രൂപ വരെ വില വർധിച്ചു. തുരിശിന് 120 രൂപയുടെ വില വർധനവുണ്ട്. അമ്പത് കലോ പൊട്ടാഷിന് 100 രൂപ വർദ്ധിച്ചപ്പോൾ വേപ്പിൻപിണ്ണാക്കിന് 500 രൂപയാണ് കൂടിയത്. വില വർദ്ധന സാമ്പത്തിക ബാധ്യത വരുത്തുന്നതായി കർഷകർ പറയുന്നു. ഏലക്കായുടെ വില ഇടിവിനൊപ്പം ഇത്തവണത്തെ അധിക മഴ റബ്ബറിന്റെയും കൊക്കോയുടെയും ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിലയിൽ നേരിയ വർദ്ധന ഉണ്ടെങ്കിലും കുരുമുളക് ചെടികളിലെ രോഗബാധ കർഷകർക്ക് തിരിച്ചടിയാകുന്നു. ഈ പ്രതിസന്ധികൾക്കിടയിലാണ് വളങ്ങളുടെയും കീടനാശിനികളുടെയും വിലയിലുണ്ടായ വർദ്ധന.

വളം വില പഴയത് ഇപ്പോൾ

വേപ്പിൻപിണ്ണാക്ക് (50 കലോ) 1500 2000
എല്ലുപൊടി (50 കലോ) 1500 1750
തുരിശ് (ഒരു കലോ) 180 300
പൊട്ടാഷ് (50 കലോ ) 900 1000

'കൊവിഡ് കാലത്ത് കാർഷിക ഉത്പന്നങ്ങൾക്ക് യാതൊരു വിലയും ലഭിക്കാത്ത സാഹചര്യത്തിൽ വളം, കീടനാശിനി വിലവർദ്ധന കർഷകർക്ക് താങ്ങാവുന്നതല്ല. അതിനാൽ അടിയന്തരമായി സർക്കാർ ഇടപെടൽ ഉണ്ടാകണം.'
ഗോപി ചെറുകുന്നേൽ(കർഷകൻ, അടിമാലി)