vasavan

കോട്ടയം: കുടുംബങ്ങൾ ലഹരി വസ്തുക്കൾ ഒഴിവാക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എക്‌സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലഹരിവിരുദ്ധ ആശയങ്ങൾ ബാല്യത്തിൽ തന്നെ കുട്ടികൾക്ക് പകർന്നു നൽകാൻ മാതാപിതാക്കൾക്ക് കഴിയണം. ഇതിന് അനുയോജ്യമായ കുടുംബാന്തരീക്ഷം സജ്ജമാക്കാനും ജാഗ്രത പുലർത്തണം. മാതാപിതാക്കളുടെ തെറ്റായ മാതൃകകളോ ജാഗ്രതക്കുറവോ മൂലം കുട്ടികൾ ലഹരിയുടെ വഴിയിൽ സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാകരുത്.

കുട്ടികളുടെ മനസിൽ ആഴത്തിൽ പതിയുന്ന വിധത്തിൽ ലഹരിവിരുദ്ധ ആശയങ്ങളും ലഹരിയുടെ ഭവിഷ്യത്തുകളും കുടുംബങ്ങളിൽ ചർച്ചാവിഷയമാകണം. നിയമംകൊണ്ടു മാത്രം ലഹരിയുടെ ഭീഷണി ഇല്ലാതാക്കാൻ കഴിയില്ല. അതിന് സമൂഹത്തിന്റെ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം പറ‌ഞ്ഞു.

ഓൺലൈൻ ചടങ്ങിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.ആർ. സുൾഫിക്കർ അദ്ധ്യക്ഷത വഹിച്ചു

വിമുക്തി മിഷൻ ജില്ലാ മാനേജർ അബു ഏബ്രഹാം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലാ അഡാർട്ടിലെ കൗൺസിലർ ഷാജി കച്ചിമറ്റം ബോധവത്ക്കരണ ക്ലാസെടുത്തു.

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ലഹരിവിരുദ്ധ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. ഓൺലൈനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനംചെയ്തു. എ.ഡി.എം ജിനു പുന്നൂസ് ലഹരി വിരുദ്ധ സന്ദേശം നൽകി. അബു എബ്രഹാം, വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ബിന്ദു, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ എൻ.പി. പ്രമോദ് കുമാർ എസ്.എൽ.സി.എ. കോ ഓർഡിനേറ്റർ ടി.എം മാത്യു എന്നിവർ സംസാരിച്ചു.