ഉഴവൂർ: ഇന്നലെ അന്തരിച്ച ഉഴവൂർ തച്ചിലംപ്ലാക്കൽ സി.കെ. കരുണാകരൻ നായർ പരിചയക്കാർക്കെല്ലാം കുഞ്ഞൻ ചേട്ടനായിരുന്നു. എല്ലാവരോടും ചിരിച്ചു കൊണ്ടു മാത്രം വർത്തമാനം പറയുന്ന പൊതു പ്രവർത്തകൻ.
ചെറുപ്പത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന കരുണാകരൻ നായർ പാർട്ടി പിളർന്നതോടെ ജനസംഘത്തിലെത്തി.
ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന പ്രവർത്തകനും ഉഴവൂരിൽ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്നു. ഉഴവൂരിലെ ആദ്യകാല പത്രം ഏജന്റായ കരുണാകരൻ നായർ രണ്ടു മാസം മുമ്പുവരെ ഈ രംഗത്ത് സജീവമായിരുന്നു.
ദീർഘകാലം ബി.ജെ.പി ഉഴവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായിരുന്നു. പാർട്ടി നിയോജകമണ്ഡലം കമ്മറ്റിയംഗം, ജില്ലാ കമ്മറ്റിയംഗം എന്നീ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ കുഞ്ഞൻ ചേട്ടനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചിരുന്നു. ആയിരം പൂർണ്ണ ചന്ദ്രൻമാരെ ദർശിച്ച കുഞ്ഞൻ ചേട്ടനെ കഴിഞ്ഞ ഫെബ്രുവരിൽ ഉഴവൂരിലെ പൗരാവലി ആദരിച്ചിരുന്നു.
ജീവിതത്തിന്റെ അവസന നാൾവരെ പാർട്ടിയുടെ വളർച്ചയ്ക്കും നാടിന്റെ വികസനത്തിനും വേണ്ടി പ്രവർത്തിച്ച കുഞ്ഞൻ ചേട്ടന്റെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന ജില്ലാനേതാക്കൾ അനുശോചനമറിയിച്ചു.
മന്ത്രിമാരായ റോഷി അഗസ്റ്റ്യൻ, വി.എൻ വാസവൻ, എം.എൽ.എമാരായ മോൻസ് ജോസഫ്, മാണി സി.കാപ്പൻ, കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി തുടങ്ങിയവർ അനുശോചിച്ചു. സംസ്‌ക്കാരം ഇന്ന് 11ന് ഉഴവൂർ ടൗണിനടുത്തുള്ള തച്ചിലംപ്ലാക്കൽ വീട്ടുവളപ്പിൽ നടക്കും.
ഫോട്ടോ അടിക്കുറിപ്പ്.
ആയിരം പൂർണ്ണചന്ദ്രൻമാരെ ദർശിച്ച കരുണാകരൻ നായരെ ഉഴവൂർ പൗരാവലി ആദരിച്ചപ്പോൾ ( ഫയൽ ചിത്രം)