കട്ടപ്പന: ലോക്ക് ഡൗണിന് ശേഷം ഇളവുകൾ പ്രഖ്യാപിച്ചതോടെ സ്‌പൈസസ് ബോർഡിന്റെ ഏലയ്ക്ക ഇ- ലേലം പുനരാരംഭിച്ചു. കളക്ടറുടെ നിർദേശപ്രകാരമാണ് 48 ദിവസങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളോടെ ലേലം തുടങ്ങിയത്. ഇന്നലെ ബോഡിനായ്ക്കന്നൂരിൽ നടന്ന സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനിയുടെ ആദ്യ ലേലത്തിൽ ഉയർന്ന വില 1747 രൂപയും ശരാശരി വില 1103.38 രൂപയും രേഖപ്പെടുത്തി. 167 ലോട്ടുകളിലായി പതിഞ്ഞ 51,703 കിലോഗ്രാം ഏലയ്ക്കായിൽ 51,305 കിലോയും വിറ്റുപോയി. ഉച്ചകഴിഞ്ഞ് നടന്ന ഗ്രീൻ കാർഡമം ട്രേഡിംഗ് കമ്പനിയുടെ ലേലത്തിൽ 126 ലോട്ടുകളിലായി പതിഞ്ഞ 28,701 കിലോഗ്രാം ഏലയ്ക്കയിൽ 27,886 കിലോയും വിറ്റുപോയി. 1677 രൂപ ഉയർന്ന വിലയും 1139.09 രൂപ ശരാശരി വിലയുമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ലേലം നടക്കുന്നത്. 25 വ്യാപാരികൾക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ പ്രവേശനമുള്ളൂ. ഇവർ പുതുതായി പരിശോധിച്ച ആർ.ടി.പി.സി.ആർ പരിശോധനാ ഫലമോ രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ രേഖളോ നിർബന്ധമായും ഹാജരാക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ളവർക്ക് പ്രവേശനമില്ല. ഇത് ലേല ഏജൻസികൾ ഉറപ്പുവരുത്തണം. പുറ്റടി സ്‌പൈസസ് പാർക്കിൽ 28ന് ലേലം നടക്കും. കാർഡമം പ്ലാന്റേഴ്‌സ് മാർക്കറ്റിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും പ്ലാന്റേഴ്‌സ് അസോസിയേഷനുമാണ് ഏജൻസികൾ.