കാഞ്ഞിരപ്പള്ളി : ലോക്ക് ഡൗണിന് ശേഷം പൊതുഗതാഗതം ആരംഭിച്ചെങ്കിലും ചെറുകിട പട്ടണങ്ങളിലേക്കും, ഉൾനാടുകളിലേക്കുമുള്ള ബസ് സർവീസുകളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ഇത്തരം സ്ഥലങ്ങളിലേക്ക് പ്രധാനമായും സർവീസ് നടത്തിയിരുന്നനത് സ്വകാര്യ ബസുകളായിരുന്നു. നിശ്ചിത ശതമാനം യാത്രക്കാർ മാത്രമേ പാടുള്ളൂ എന്ന നിബന്ധന വന്നതോടെ പലതും സർവീസ് അവസാനിപ്പിച്ചു. കാഞ്ഞിരപ്പള്ളിയിലൂടെ ഹൈറേഞ്ച് മേഖലയിലേക്ക് പോകുന്ന ബസുകൾ ഒഴിച്ച് മണിമല, എരുമേലി, ഈരാറ്റുപേട്ട തുടങ്ങി സമീപ നഗരങ്ങളിലേക്കുള്ള സ്വകാര്യ ബസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇടക്കുന്നം, ചേനപ്പാടി, തമ്പലക്കാട്, വട്ടക്കാവ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചുരുക്കം സർവീസുകളാണുള്ളത്. പാറത്തോട് പഞ്ചായത്തിൽപ്പെട്ട ഇടക്കുന്നത്തേക്ക് ഒരു ബസ് പോലുമില്ല.
ആശ്രയം ഓട്ടോറിക്ഷ, ചെലവ് ഭീമം
സർക്കാർ - സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം വാഹനമില്ലെങ്കിൽ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പലർക്കും ഈ ചെലവ് താങ്ങാനകുന്നില്ല. ഒരു പ്രദേശത്തുള്ളവർ ഒരുമിച്ച് ടാക്സി വാഹനങ്ങൾ പിടിച്ചാണ് പലപ്പോഴും നഗരത്തിലെത്തുന്നത്. ബസ് സർവീസുള്ള സ്ഥലങ്ങളിൽ പോലും പലപ്പോഴും സമയം പാലിക്കുന്നില്ല.
ഏതാനും സർവീസുകൾ കെ.എസ്.ആർ.ടി.സി ഇതുവഴി നടത്തിയാൽ ജനങ്ങൾക്ക് പ്രയോജനമായിരുന്നു. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നവർക്ക് ഓട്ടോയെ ആശ്രയിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാകണം.
പ്രകാശ്, സ്വകാര്യ ജീവനക്കാരൻ