cc

ഏറ്റുമാനൂർ : അപ്രോച്ച് റോഡിന്റെ കാര്യത്തിൽ ആശയക്കുഴപ്പം നീളുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാറായിട്ടും കാരിത്താസ് റെയിൽവേ മേൽപ്പാലം സ്വപ്നമായി ശേഷിക്കുന്നു. മേൽപ്പാലവുമായി ബന്ധപ്പെട്ട റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാറായിട്ടും അപ്രോച്ച് റോഡിന്റെ ടെൻഡർ പോലും ഇതുവരെ പൂർത്തിയാക്കിയില്ല. ഫലത്തിൽ പാലം നിർമിച്ചാലും നിലംതൊടാതെ നിൽക്കും. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ നിർമാണം ആരംഭിച്ച മേൽപ്പാലമാണ് ഇപ്പോൾ നാട്ടുകാർക്ക് ദുരിതം സമ്മാനിക്കുന്നത്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് ടെൻഡർ നടപടികളുടെ ചുമതല. അപ്രോച്ച് റോഡിനായി നാലുതവണ ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും ഏറ്റെടുക്കാൻ കരാറുകാർ തയ്യാറിയില്ല. നിലവിലെ എസ്റ്റിമേറ്റ് പോരെന്നാണ് കരാറുകാരുടെ പക്ഷം. 9.62 കോടി രൂപയാണ് മൂന്നു വർഷം മുമ്പ് അപ്രോച്ച് റോഡിനായി അനുവദിച്ചിരുന്നത്. എന്നാൽ, നിർമാണ സാമഗ്രികളുടെ വില കുത്തനെ വർദ്ധിച്ചപ്പോൾ തുക വർദ്ധിപ്പിക്കണമെന്ന ആവശ്യം കരാറുകാർ മുന്നോട്ടുവച്ചു.

 ദുരിതം കൂടുന്നു
മേൽപ്പാലം നിർമാണത്തിനായുള്ള സാമഗ്രികൾ ഇറക്കിയിട്ടിരിക്കുന്നത് മൂലം റെയിൽവെ ഗേറ്റിൽ കൂടി കാൽനട യാത്രക്കാർക്കു പോലും കടന്നു പോകാൻ പ്രയാസമാണ്. എം.ജി. സർവകലാശാല, മെഡിക്കൽ കോളേജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് പോയി വരുന്നവരും ക്ളേശിക്കുന്നു. രോഗികളെയുമായി പോകുന്ന സമയത്തായിരിക്കും ട്രെയിൻ വരുന്നതും ഗേറ്റ് അടയ്ക്കുന്നത്. ഇത് ഒട്ടേറെ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. കാരിത്താസ് മേൽപ്പാലത്തിനൊപ്പം ആവശ്യമുയർന്ന മറ്റ് പാലങ്ങളുടെ നിർമാണം പൂർത്തിയായി.

 പാലത്തിന്റെ നിർമാണച്ചെലവ് : 3.62 കോടി

പാലം വന്നാൽ
എം.സി. റോഡിൽനിന്ന് മെഡിക്കൽ കോളേജ്, കുട്ടികളുടെ ആശുപത്രി, ഗവ. ഡെന്റൽകോളജ്, എം.ജി. യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകാം.

''ജില്ലയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ഗേറ്റുകളിലൊന്നായ ഇവിടെ അടിയന്തിരമായി പാലം നിർമാണം പൂർത്തിയാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി.എൻ.വാസവൻ, തോമസ് ചാഴികാടൻ എം.പി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്

അഡ്വ. തോംസൺ കുറിച്ചിയാനി, തെള്ളകം മുണ്ടകപ്പാടം ഗ്രാമവികസന സിമതി