കുറിച്ചി : ഒരു ആംബുലൻസ് വാങ്ങി നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നൂറിലേറെ ആളുകൾക്ക് ജോലി ലഭിക്കുന്ന പദ്ധതി നഷ്ടമായി. എട്ടു വർഷം മുൻപ് കുറിച്ചി പഞ്ചായത്തിൽ ആരംഭിച്ച സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയാണ് ഇനിയും എങ്ങും എത്താത്തത്. 2013 ൽ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടം 2018 ലാണ് പൂർത്തിയായത്. എന്നാൽ മൂന്നു വർഷം കഴിഞ്ഞിട്ടും പദ്ധതിയുടെ ഭാഗമായി ഒരാൾക്കു പോലും ഇതുവരെ ജോലി ലഭിച്ചിട്ടില്ല. കുറിച്ചി പഞ്ചായത്തിലെ സാധാരണക്കാർക്കും സ്ത്രീകൾക്കും തൊഴിലവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഒരുകോടി രൂപയാണ് ആദ്യഘട്ടത്തിൽ പദ്ധതിയ്ക്കായി നീക്കിവച്ചിരുന്നത്. കെട്ടിടം നിർമ്മിച്ച് കമ്പ്യൂട്ടറുകളും, മൊബൈൽ മോർച്ചറി, തയ്യൽ മെഷീനുകളും, പൊടിമില്ലിന് ആവശ്യമായ ഉപകരണങ്ങളും, വെൽഡിംഗ് യൂണിറ്റിന് ആവശ്യമായ ഉപകരണങ്ങളും വാങ്ങി. കൂടാതെ ആംബുലൻസും വാങ്ങാൻ പദ്ധതിയുണ്ടായിരുന്നു.
നടത്തിപ്പിന് അസോസിയേഷൻ
പദ്ധതിയുടെ നടത്തിപ്പിനായി അസോസിയേഷനും രൂപീകരിച്ചിരുന്നു. ഒരു കോടി രൂപ അനുവദിച്ചതിൽ 80 ലക്ഷം രൂപയും കെട്ടിട നിർമ്മാണത്തിനായാണ് മാറ്റിവച്ചത്. ഇതോടെ അസോസിയേഷൻ ആവശ്യപ്പെട്ട സാധനങ്ങളൊന്നും വാങ്ങാൻ സാധിച്ചില്ല. മോർച്ചറി യൂണിറ്റുണ്ടായെങ്കിലും ആംബുലൻസ് ഉണ്ടായിരുന്നില്ല. ഇതോടെ കൂടുതൽ തുക അനുവദിച്ച് പദ്ധതി നടപ്പാക്കാൻ തയ്യാറാകാത്തതിനാൽ അസോസിയേഷൻ പദ്ധതി ഏറ്റെടുത്തില്ല.
അതിവേഗം നടപ്പാക്കും
സംഭവം ശ്രദ്ധയിൽപ്പെട്ട ജില്ലാ പഞ്ചായത്തംഗം പി.കെ.വൈശാഖ് വിഷയത്തിൽ ഇടപെടുകയായിരുന്നു. അസോസിയേഷൻ സെക്രട്ടറി മനോജും, വൈസ് പ്രസിഡന്റ് എ.കെ.അമ്പിളിക്കുട്ടനുമായി ബന്ധപ്പെട്ട വൈശാഖ് സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടു വന്നു. ഉടൻ യോഗം ചേർന്ന് പദ്ധതി അതിവേഗം നടപ്പാക്കുമെന്ന് വൈശാഖ് പറഞ്ഞു.