puliyanmala

കട്ടപ്പന: കുമളിമൂന്നാർ സംസ്ഥാന പാതയിൽ പുളിയമല ടൗണിൽ രൂപപ്പെട്ട ഗർത്തം വാഹനങ്ങൾ ഭീഷണിയാകുന്നു. ജംഗ്ഷനിൽ നിന്ന് കട്ടപ്പന റോഡിലേക്ക് തിരിയുന്ന സ്ഥലത്താണ് ഐറിഷ് ഓടയിലെ വെള്ളം ഒഴുകി കുഴിയുണ്ടായത്. ഒരുമാസം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. റോഡിന് കുറുകെയുള്ള ഐറിഷ് ഓട അടഞ്ഞതോടെയാണ് റോഡിലൂടെ വെള്ളം ഒഴുകിത്തുടങ്ങിയത്. പി.ഡബ്യൂ.ഡി. കട്ടപ്പന, വണ്ടൻമേട് ഓഫീസുകളുടെ അതിർത്തിയായതിനാൽ ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ലെന്ന് രാഷ്ട്രീയ നേതാക്കളും കുറ്റപ്പെടുത്തുന്നു.
സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ കുഴിയിൽ ചാടുന്നത് പതിവാണ്. തുടർന്ന് പൊലീസ് ട്രാഫിക് കോൺ സ്ഥാപിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർച്ചയായി പരാതി നൽകിയിട്ടും കുഴിയടയ്ക്കാൻ പി.ഡബ്യു.ഡി. നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ അമർഷത്തിലാണ്. അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ സമരം നടത്തുമെന്ന് വ്യാപാരികളും നേതാക്കളും പറഞ്ഞു.