കോട്ടയം: അടിമാലി മങ്കുവയിൽ സർക്കാർ ഭൂമിയിൽ നിന്ന് വെട്ടിക്കടത്തിയ തേക്ക് ഉരുപ്പടിയാക്കിയ നിലയിൽ അടിമാലി റേഞ്ച് ഓഫീസറുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കുമളിയിലെ കെട്ടിടത്തിൽ കണ്ടെത്തി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഡി.എഫ്.ഒയുടെ നിർദ്ദേശപ്രകാരം കോതമംഗലം ഫ്ലയിംഗ് സ്ക്വാഡ് മുക്കുടം ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉരുപ്പടികൾ പിടിച്ചെടുത്തു. അടിമാലി റേഞ്ച് ഓഫീസർ ജോജി ജോണിന്റെ കുടുംബ ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോർട്ടിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് 4.41 ക്യുബിക്ക് അടി ഉരുപ്പടികൾ കണ്ടെത്തിയത്.
റവന്യു വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവിൽ മൂന്നുമാസം മുമ്പാണ് അടിമാലി റേഞ്ചിൽപ്പെട്ട മങ്കൂവയിൽ നിന്ന് ഏഴ് തേക്ക് തടികൾ വെട്ടാൻ വനംവകുപ്പ് അനുമതി നല്കിയത്. ഇതിന് കൊന്നത്തടി വില്ലേജിൽ നിന്ന് കട്ടിംഗ് പെർമിറ്റും നല്കി. എന്നാൽ ഇതിൽ രണ്ടു തടികൾ വെട്ടിയത് റവന്യു ഭൂമിയിൽ നിന്നാണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. റേഞ്ച് ഓഫീസറുടെ അടുപ്പക്കാരനാണെന്ന് പറയപ്പെടുന്ന ബൈജു ആണ് തടി വാങ്ങിയത്.
അടിമാലി റെഞ്ചിലെ വനം കൊള്ളയുമായി ബന്ധപ്പെട്ട് 22 കേസുകളാണ് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. 4 കേസുകൾ കോടതിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 18 കേസുകൾ കൂടുതൽ അന്വേഷണങ്ങൾക്കായി മാറ്റിവച്ചിരിക്കയാണെന്ന് അറിയുന്നു. 117 ക്യുബിക് അടി തടി ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. പട്ടയവസ്തുവിൽ നിന്ന് തടിമുറിച്ചതിന് നേര്യമംഗലം റേഞ്ചിൽ 17 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.