കാഞ്ഞിരപ്പള്ളി : നഗരം പ്രകാശപൂരിതമാക്കാൻ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വഴിവിളക്കുകളും, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായി വഴിയോരങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളും കണ്ണടച്ചതോടെ കുറ്റകൃത്യങ്ങൾ പെരുകുന്നു. വർഷങ്ങൾക്കു മുൻപ്, ഏഴ് ലക്ഷത്തോളം രൂപ മുടക്കിയാണ് നഗരത്തിൽ സൗരോർജ്ജ ലൈറ്റുകൾ സ്ഥാപിച്ചത്എന്നാൽ ഇന്ന് അവയെല്ലാം നശിച്ച് നാമാവശേഷമായി. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ഇവയുടെ തകർച്ചയ്ക്ക് കാരണം. കാഞ്ഞിരപ്പള്ളി - കാഞ്ഞിരം കവല സംസ്ഥാന പാതയും ടാറിംഗ് ജോലികൾ പൂർത്തിയായെങ്കിലും വഴിവിളക്കുകൾ സ്ഥാപിച്ചിട്ടില്ല.
റോഡ് നിർമ്മാണം ഏറ്റെടുത്ത കമ്പനിയ്ക്കാണ് വഴിവിളക്കുകളുടെ നിർമ്മാണച്ചുമതല. ഈ വഴിയിലാണ് കഴിഞ്ഞ ദിവസം ലക്ഷങ്ങളുടെ ജുവലറി മോഷണവും നടന്നത്. വഴിവിളക്കുകളുടെ ഗതി തന്നെയായിരുന്നു നിരീക്ഷണ കാമറകൾക്കും സംഭവിച്ചത്.
@വെളിച്ചം കാണാതെ 16 ലക്ഷം
പ്രധാന ജംഗ്ഷനുകളിൽ 16 ലക്ഷത്തോളം രൂപ മുടക്കി നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. ഇവ 24 മണിക്കൂറും നിരീക്ഷിക്കുവാൻ പൊലീസ് സ്റ്റേഷനിൽ സംവിധാനവുമൊരുക്കിയിരുന്നു.
കാമറയുമായി ബന്ധിപ്പിച്ചിരുന്ന കേബിളുകൾ നശിച്ചതോടെ അതും ഉപയോഗശൂന്യമായി
@കാമറകൾ ഇവിടെ
കുരിശുങ്കൽ
ബസ് സ്റ്റാൻ്റ് കവല
പേട്ടക്കവല
@ഇരുട്ടിൽ തപ്പി പൊലീസ്
ക്യാമറകൾ പ്രവർത്തിച്ചിരുന്നത്
മൂലം പല മോഷണശ്രമങ്ങളും,
മാലിന്യം തള്ളൽ ഉൾപ്പെടെയുള്ള നിയമ ലംഘനകളും കണ്ടെത്തുവാൻ സഹായകരമായിരുന്നു.
ജുവലറി മോഷണക്കേസിലും പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടാൻ വൈകുന്നതിനും ഇതും കാരണമായിട്ടുണ്ട്.