bridge-

കോട്ടയം: വർഷങ്ങൾ കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് സ്ഥലം വിട്ടു നൽകിയില്ല, പാത വരുന്ന ഭാഗത്തെ ട്രാൻസ്ഫോമറും ലൈനും മാറ്റി സ്ഥാപിച്ചില്ല. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കരാറുകാരൻ ഉപേക്ഷിച്ചുപോയ കോടിമത രണ്ടാം പാലം നിർമ്മാണം അനിശ്ചിതത്വത്തിൽ. പണി എന്നു തുടങ്ങുമെന്നോ എന്ന് പൂർത്തിയാക്കുമെന്നോ പൊതുമരാമത്ത് വകുപ്പിനുപോലും അറിയില്ല.

എം. സി. റോഡ് വികസനത്തിന്റെ ഭാഗമായി ആറുവർഷം മുമ്പ് ആരംഭിച്ച കോടിമത രണ്ടാം പാലത്തിന്റെ അവസ്ഥയാണിത്. ആദ്യഘട്ടത്തിൽ പാലം പണി അതിവേഗം പുരോഗമിച്ചെങ്കിലും പിന്നീട് പല കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനം നീണ്ടുപോവുകയായിരുന്നു.

പാലത്തിന് സമീപം പുറമ്പോക്കിൽ രണ്ടു കുടുംബങ്ങൾ താമസിച്ചിരുന്നതാണ് പാലം പണിക്ക് ആദ്യം വിഘാതമായത്. ഇതോടെ നഗരസഭ ഇടപെട്ട് ഒരു കുടുംബത്തിന് സ്ഥലം നല്കി മാറ്റി. രണ്ടാമത്തെ കുടുംബത്തിന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ബി ബിനുവിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ ചേർന്ന് സ്ഥലം ലഭ്യമാക്കി. വീട് നിർമ്മാണത്തിന്റെ ഭാഗമായി ഇവർക്ക് വാടക വീട് തരപ്പെടുത്തി നല്കി ഇരുകുടുംബങ്ങളെയും മാറ്റി പാർപ്പിച്ചിട്ടും മാസങ്ങൾ കഴിഞ്ഞു. ഉടൻ പുതിയ പാലത്തിന്റെ പണി പുന:രാരംഭിക്കുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതെല്ലാം വെള്ളത്തിൽ വരച്ച രേഖപോലെയായി.

കൊടൂരാറിന് കുറുകെ മൂന്നുവരിപ്പാതയിൽ 10 കോടി രൂപ മടക്കിയാണ് പഴയപാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ മേൽനോട്ടത്തിൽ 18 മാസം കൊണ്ട് നിർമ്മാണം പൂർ‌ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കാനായിരുന്നു തീരുമാനം.

ദേശീയപാതകളിലെ പാലത്തിന്റെ വീതിയിലാണ് പുതിയ പാലത്തിന്റെ നിർമ്മാണം. ആറ്റിൽ രണ്ടു തൂണുകൾ സ്ഥാപിച്ച് 62 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പാലം തീർക്കുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ തന്റേതല്ലാത്ത കുറ്റംകൊണ്ട് നീണ്ടു പോയതിനെ തുടർന്ന് കരാറുകാരൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും വിടുതൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നല്കി. കൂടാതെ കത്ത് കോടതിയിൽ ഫയൽചെയ്യുകയുമുണ്ടായി.

നഗരകവാടമായ കോടിമതയിലെ നാലുവരിപ്പാതയിൽ നിന്ന് വന്നെത്തുന്ന വാഹനങ്ങൾ പഴയപാലത്തിലൂടെ വരികയും പുതിയ പാലത്തിലൂടെ തിരികെപോവുകയും ചെയ്യുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. പാലം യാഥാർത്ഥ്യമായാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.