vith

കോട്ടയം: ഈ 'എ.ടി.എം' പണമെടുക്കാനല്ല, പണം നിക്ഷേപിച്ച് വിത്തെടുക്കാനുള്ളതാണ്. എ.ടി.എം മാതൃകയിൽ 'വിത്തു പത്തായം' ആരംഭിക്കാൻ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തിൽ ഒരുങ്ങുകയാണ് കൃഷിവകുപ്പ്. ആദ്യ പദ്ധതി കോഴ ജില്ലാ കൃഷിത്തോട്ടത്തിനരികിൽ ചിങ്ങത്തോടെ തുടക്കമാകും.

ഇവിടത്തെ സീഡ് വെൻഡിംഗ് മെഷീന്റെ നിർമാണം അന്തിമ ഘട്ടത്തിലാണെന്ന് സൂപ്രണ്ട് ഗീത അലക്‌സാണ്ടർ പറഞ്ഞു . നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം, കളക്ടറേറ്റ് പരിസരം എന്നിവിടങ്ങളിൽ പദ്ധതി ആരംഭിക്കാൻ ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല. ജില്ലാ കാർഷിക വികസന ബാങ്കും 'വിത്തു പത്തായം' പദ്ധതിക്ക് ആലോചന തുടങ്ങി. കോഴ കൃഷി ഫാമിൽ കൗണ്ടറിന്റെ പണികൾ ആരംഭിച്ചതോടെയാണ് 'പദ്ധതിവീണ്ടും തളിരിട്ടത്. ജില്ലാ പഞ്ചായത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽപ്പെടുത്തിയാണ് ഇവിടെ സീഡ് വെൻഡിംഗ് മെഷീൻ സ്ഥാപിക്കുന്നത്.

 കണ്ടാൽ എ.ടി.എം പോലെ
ബാങ്കുകളുടെ എ.ടി.എം മാതൃകയിലാണ് വിത്തുകളുടെ കൗണ്ടർ. വിത്തുകൾ മുന്നിലെ ചില്ലിലൂടെ കാണം. 10, 20 രൂപ നോട്ടുകൾ നിക്ഷേപിച്ച് വിത്തിന്റെ കോഡ് നമ്പർ ടൈപ്പ് ചെയ്താൽ പായ്ക്കറ്റ് പുറത്തേയ്ക്ക് വരും.


 കിട്ടന്ന വിത്തുകൾ
ചീരയുടെ വകഭേദങ്ങൾ, വെണ്ട, പയർ, മത്തൻ, കുമ്പളം, വെള്ളരി, വഴുതന, തക്കാളി, പാവയ്ക്ക, പീച്ചിങ്ങ, ചുരക്ക, തണ്ണിമത്തൻ, പടവലം, കക്കിരി, പച്ച മുളക്.

 ഒരു പായ്ക്കറ്റ് വിത്തിന് 10 രൂപ

 യന്ത്രത്തിലുള്ളത് 1000 പായ്ക്കറ്റ്

 വെൻഡിംഗ് മെഷിന് -3 ലക്ഷം


'കോഴയ്ക്കു പുറമെ ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്തും വാലച്ചിറയിലും കൗണ്ടറുകൾ ആരംഭിക്കും. വിത്ത് കൃഷിവകുപ്പ് നിറയ്ക്കും. കർഷകർക്ക് ഏറെ പ്രയോജനകരമാണിത് ''

-നിർമല ജിമ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്