estate
വാഗമണ്ണിലെതേയിലതോട്ടത്തിൽകൊളുന്ത്നുള്ളുന്നതൊഴിലാളികൾ

കട്ടപ്പന: ഒന്നരമാസത്തെ ഇടവേളയ്ക്ക്ശേഷം തേയിലത്തോട്ടങ്ങൾ വീണ്ടും സജീവമായി. ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ വിളവെടുപ്പും തകൃതിയായി നടക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് കുറച്ച് തൊഴിലാളികളെ മാത്രമേ തോട്ടങ്ങളിൽ ജോലിയിൽ പങ്കെടുപ്പിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. 2 മാസം മുമ്പ് കവാത്ത് കഴിഞ്ഞ തോട്ടങ്ങളിലെ ചെടികളെല്ലാം നാമ്പിട്ടിരിക്കുകയാണ്. കൂടാതെ ഇപ്പോഴത്തെ അനുകൂല കാലാവസ്ഥയും വിളവെടുപ്പിന് സഹായകരമാണ്. ചെറുകിടവൻകിട തോട്ടങ്ങളിലെല്ലാം പരമാവധി തൊഴിലാളികളെ പങ്കെടുപ്പിച്ചാണ് കൊളുന്ത് നുള്ളുന്നത്.

കിലോഗ്രാമിന് 15.55 രൂപയാണ് ഈ മാസത്തെ വില. കഴിഞ്ഞ മാസത്തേയ്ക്കാൾ ഒരു രൂപ വർദ്ധിച്ചിട്ടുണ്ട്. തുടർച്ചയായ പ്രളയങ്ങളും കൊവിഡ് മഹാമാരിയും മൂലം കേരളത്തിലെ ഉത്പാദനം 40 ശതമാനം കുറഞ്ഞിട്ടുണ്ട്. മൂന്നു വർഷത്തിലധികമായി ഉത്പാദനവും വർദ്ധിച്ചിട്ടില്ല. കൊവിഡ് കാലത്തെ ഭേദപ്പെട്ട വിലയും മികച്ച ഉത്പ്പാദനവും ചെറുകിട തേയില കർഷകർക്ക് പ്രതീക്ഷയാണ്.


പകൽസമയത്തെ വെയിലും ഉച്ചകഴിഞ്ഞും ഇടവിട്ടുമുള്ള മഴയും തേയിലക്കൃഷിക്ക് അനുകൂലമാണെന്ന് കർഷകർ പറയുന്നു. കൂടാതെ മറ്റ് കീടങ്ങളുടെ ആക്രമണമോ രോഗബാധയോ ഇപ്പോഴില്ല. ഇതും ഉത്പ്പാദനം വർദ്ധിക്കാൻ സഹായകരമാകും.
അതോടൊപ്പം വർഷങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യം പദ്ധതിയായി തയാറാക്കുമെന്നുള്ള സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനം ചെറുകിട തേയില കർഷകർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. പരമ്പരാഗത തോട്ടവിളകൾക്ക് പുറമേ ഫലവർഗങ്ങൾ കൂടി കൃഷി ചെയ്യാൻ പദ്ധതി തയ്യാക്കുമെന്നാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. റംബുട്ടാൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റീൻ, ലോങ്കൻ, പുതിയയിനം ഫലവർഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്യാനും വിപണനം നടത്താനും ശേഖരിച്ച് സൂക്ഷിക്കാനും മൂല്യവർദ്ധന ഉറപ്പാക്കാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പഠനവും ചർച്ചയും നടത്തി ആറ് മാസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ പദ്ധതി തയാറാക്കുമെന്നും ധനമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ ടീ ബോർഡിന്റെ നേതൃത്വത്തിൽ ആഗോള തലത്തിൽ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന സംഘം ജില്ലയിൽ എത്തിയപ്പോഴും കർഷകർ ഈ നിർദേശം അവതരിപ്പിച്ചിരുന്നു.