പാലാ: കിടങ്ങൂർ പമ്പ് ഹൗസിൽ സ്‌ളാബ് തകർന്നു മരിച്ച രാജേഷ് ശാസ്തസദനത്തിന്റെ കുടുംബത്തോട് അധികാരികൾ നീതിപുലർത്തണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻകൗൺസിൽ രൂപീകരിച്ചു. രാജേഷിന്റെ ഭാര്യക്ക് ജോലിയും അർഹതപ്പെട്ട നഷ്ടപരിഹാരവും നിഷേധിക്കുന്നതിനെതിരെ എസ്.എൻ സി.പി യോഗം പാലാ തെക്കേക്കര ശാഖാ ഭാരവാഹികളാണ് ആക്ഷൻകൗൺസിൽ രൂപീകരിച്ചത്.

രാജേഷിന്റെ ഭാര്യ മാണി സി. കാപ്പൻ എം.എൽ.എയ്ക്കും കേരളാ കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണിക്കും അപേക്ഷ നൽകി. മീനച്ചിൽ എസ്.എൻ.ഡി.പി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ, എം.ബി ശ്രീകുമാർ മുഖ്യരക്ഷാധികാരിയായും, പാലാ മുൻസിപ്പൽ കൗൺസിലർ അഡ്വ.ബിനു പുളിക്കകണ്ടം, ശാഖാ പ്രസിഡന്റ് എ.ജി സഹദേവൻ, ശാഖാ വൈസ് പ്രസിഡന്റ് എ.എസ് ജയകുമാർ, രാമപുരം ശാഖാ പ്രസിഡന്റ് സുകുമാരൻ പെരുമ്പ്രായിൽ, കുടുംബയൂണിറ്റ് ചെയർമാൻ വി.എസ് നാരായണൻകുട്ടി എന്നിവർ രക്ഷാധികാരികളായും, ശാഖാ സെക്രട്ടറി ഷിബു കല്ലറയ്ക്കൽ ജനറൽ കൺവീനറായുമാണ് ആക്ഷൻ കൗൺസിൽ പ്രവർത്തിക്കുന്നത്.