ചങ്ങനാശേരി : നഗരത്തിലെ ഇടറോഡുകളിൽ മാലിന്യം നിറഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. ഉദയഗിരിഭാഗത്ത് നിന്ന് പെരുന്ന സ്റ്റാൻഡിലേയ്ക്ക് പ്രവേശിക്കുന്ന ഇടറോഡിലാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. കൂടാതെ പെരുന്ന തിയേറ്റർ റോഡ്, മുൻസിപ്പാലിറ്റി കെട്ടിടം പിൻവശം, ടി ബി റോഡ്, ഹിദായത്ത് റോഡ്, ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലും മാലിന്യംതള്ളൽ രൂക്ഷമാണ്. രാത്രികാലങ്ങളിലാണ് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി മാലിന്യം നിക്ഷേപിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും ഭക്ഷണപദാർത്ഥങ്ങളാണ് കൂടുതൽ. മദ്യക്കുപ്പികളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. തെരുവ് നായ്ക്കളും പക്ഷികളും മാലിന്യങ്ങൾ വലിച്ചിഴയ്ക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് ആശങ്ക.