പാലാ: പാലാ ജനറൽ ആശുപത്രിയിൽ ഉയർന്ന ഉൽപാദന ശേഷിയിലുള്ള മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ ജനറേറ്റിംഗ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു.
പ്രധാനമന്ത്രിയുടെ പി.എം.കെയർ ഫണ്ടിൽ നിന്നുമാണ് 960 എൽ.പി.എം ഉൽപാദന ശേഷിയിലുള്ള പ്ലാന്റ് സ്ഥാപിച്ചത്. ഇന്ന് രാവിലെ മുതൽ കേന്ദ്രീകൃത ഓക്‌സിജൻ പൈപ്പ് ലൈൻ വഴി ആശുപത്രിയിലെ വിവിധ ചികിത്സാ വിഭാഗങ്ങളിലേക്ക് പ്രാണവായു യഥേഷ്ടം ലഭ്യമായി. കൊവിഡ് ചികിത്സയിലുള്ള രോഗികൾക്കും ഇതിൽ നിന്നുള്ള ഓക്‌സിജൻ ലഭിച്ചു. 93 ശതമാനം ശുദ്ധിയിലാണ് ഓക്‌സിജൻ ലഭിക്കുന്നത്. ഒരേസമയം 64 വെന്റിലേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ഓക്‌സിജൻ തുടർച്ചയായി പ്ലാന്റിൽ നിന്നും ലഭിക്കും.192 ഓക്‌സിജൻ ബഡുകൾക്കും 32 ഹൈ ഫ്‌ളോ ബഡുകൾക്കും ഇതിൽ നിന്നുമുള്ള ഓക്‌സിജൻ പ്രയോജനപ്പെടും. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് യുദ്ധകാലാടിസ്ഥാനത്തിൽ പ്ലാന്റിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭ്യമാക്കിയത്.എൽ ആൻഡ് ടി കമ്പനിക്കായിരുന്നു പ്ലാന്റ് പാലിയിൽ കൊണ്ടുവന്ന് സ്ഥാപിക്കുന്നതിനുള്ള ചുമതല.