shemmer

മുണ്ടക്കയം: മാതാവിന്റെ കൈകളാൽ ക്രൂരമായി കൊല്ലപ്പെട്ട ഷംനയുടെ (12) മൃതദേഹം കബറടക്കി. കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കുറച്ചുപേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വീടിനു മുന്നിലെ റോഡരികിൽ ആംബുലൻസിൽ തന്നെ ബന്ധുക്കൾക്കും അയൽവാസികൾക്കുമായി പൊതുദർശനത്തിനുവച്ചു. ഏക മകളെ അവസാനമായി കാണാനായി പിതാവ് ഷമീർ ഇന്നലെ പുലർച്ചയോടെ സൗദിയിൽ നിന്നെത്തിയിരുന്നു. മകളുടെ ചേതനയറ്റ ശരീരം കണ്ട് എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട് അദ്ദേഹം പൊട്ടിക്കരഞ്ഞു. ഷമീറിനെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ നന്നേ പാടുപെട്ടു.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ഷമീറിന്റെ ഭാര്യ ലൈജീന തന്റെ ഏക മകളെ ഉറക്കഗുളിക കൊടുത്തശേഷം ഷാൾ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. ഇതിനുശേഷം മാതാവ് കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അവരെ നാട്ടുകാർ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജിൽ എത്തിച്ചു.

 മരണം ശ്വാസം മുട്ടി

ഷംനയുടെ മരണകാരണം കഴുത്തുഞെരിഞ്ഞ് ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഫോറന്‍സിക് മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്തോഷ് ജോയ് പറഞ്ഞു. തലയുടെ മുകൾഭാഗത്ത് ചെറിയ ചതവുമുണ്ട്. കട്ടിലിനോട് ചേർന്ന് നിലത്തുവീണപ്പോൾ ഉണ്ടായതാവാം ഇതെന്ന് കരുതുന്നു.

സംഭവത്തിൽ മാതാവ് ലൈജീനയെ നാളെ അറസ്റ്റ് ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ് . പി എൻ. സി രാജ്മോഹൻ പറഞ്ഞു. ലൈജീന കോട്ടയം മെഡിക്കല്‍ കോളേജിലെ മനോരോഗ ചികില്‍സ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയാൽ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തെളിവെടുപ്പിനായി കൂട്ടിക്കലിലെ വീട്ടിൽ കൊണ്ടുവരും.