പൊൻകുന്നം: മൂക്കുപൊത്തണം. അല്ലാതെ മറ്ര് വഴിയില്ല. സബ് ജയിലിൽ നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുകിയിട്ടും ജയിൽ അധികൃതർക്ക് കണ്ട ഭാവമില്ല. സബ് ജയിലിനുള്ളിൽ നിന്ന് പുറത്തേക്കുള്ള പൈപ്പ് പൊട്ടിയാണ് മലിനജലം പൊതുവഴിയിലൂടെ ഒഴുകുന്നത്. സ്ഥലത്ത് അസഹ്യമായ ദുർഗന്ധമാണ്.
മലിനജലം ഒഴുകിയെത്തുന്നത് റോഡിനപ്പുറമുള്ള കിണറ്റിലേക്കും ജലസംഭരണിയിലേക്കുമാണ്. ഇവിടെ നിന്നാണ് ഡിവൈ.എസ്.പി ഓഫീസിലും സബ് ജയിലിലും പൊലീസ് ക്വാട്ടേഴ്‌സിലും ഉൾപ്പടെ ശുദ്ധജലമെത്തുന്നത്. ഏറെ നാളായിട്ടും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായിട്ടില്ല. മഴക്കാലമായതോടെ പൊൻകുന്നം, കാഞ്ഞിരപ്പള്ളി മേഖലകളിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊവിഡ് കാലത്ത് മുന്നണി പോരാളികളായ പൊലീസ് ഉദ്യോഗസ്ഥർ പോലും ഉപയോഗിക്കുന്നത് ഈ മാലിന്യം കലർന്ന ജലമാണ്.ജയിൽ അധികൃതരുടെ ഭാഗത്ത് നിന്ന് സംഭവത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.